കെട്ടുകാളയുടെ ഫോട്ടോ എടുത്തതിന് മര്‍ദ്ദനം; ഒരാള്‍ അറസ്റ്റില്‍

Advertisement

കരുനാഗപ്പള്ളി: കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാളയുടെ ഫോട്ടോ എടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ, കൊറ്റമ്പള്ളി അമ്പലശ്ശേരി വീട്ടില്‍ അമ്പാടി ഹരീഷ് (19) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നടന്ന ഓച്ചിറ കാളകെട്ട് ഉത്സവ കാണാന്‍ എത്തിയ കുലശേഖരപുരം, കടത്തൂര്‍ സ്വദേശിയായ സൂര്യ നാരായണന്റെ സുഹൃത്തായ അശ്വനിദേവ് കെട്ടുകാളയുടെ ഫോട്ടോ എടുത്തത് പ്രതിയുടെ സുഹൃത്തായ അജിത്ത് ചോദ്യം ചെയ്യുകയും അശ്വനിദേവിനെ മര്‍ദ്ദിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്യാനെത്തിയ സൂര്യ നാരായണനേയും മറ്റൊരു സുഹൃത്തായ ജസ്റ്റിനേയും പ്രതി ഉള്‍പ്പെട്ട സംഘം കമ്പി വടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ സൂര്യ നാരായണന്റെ തലക്ക് പരിക്കേല്‍ക്കുകയും കൈക്ക് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു.
തുടര്‍ന്ന് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement