പത്ത് ലക്ഷത്തോളം വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Advertisement

കൊല്ലം: പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതി പോലീസ് പിടിയിലായി. മുണ്ടക്കല്‍, ഉദയമാര്‍ത്താണ്ഡപുരം, പുതുവല്‍പുര
യിടത്തില്‍ പൊടിമോന്‍ (49) ആണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ജില്ലക്കകത്തും പുറത്തുമുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 50 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളാണ് ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്.
വാഹനപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ പഴകിയ വെളുത്തുള്ളി നിറച്ച ചാക്കുകള്‍ മൂടിയിട്ടാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. ഇയാള്‍ ലഹരി ഉത്പന്നങ്ങള്‍ കടത്താനായി ഉപയോഗിച്ച ലോറിയും കാറും കണ്ണനല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. വാഹനത്തിന്റെ ഡ്രൈവറും സഹായിയും വാഹനം ഉപേക്ഷിച്ച് ഓടിപ്പോയി. തൃശൂരില്‍ നിന്നും കണ്ണനല്ലൂര്‍ ചേരിക്കോണം ഭാഗത്തേക്ക് കൊണ്ടുവന്ന ഹാന്‍സ്, കൂള്‍ എന്നീ പുകയില ഉല്‍പ്പന്നങ്ങളാണ് ഇവ. പ്രതികളെക്കുറിച്ചും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഉറവിടത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചവയാണ് ഇവ. കണ്ണനല്ലൂരിലും പരിസരപ്രദേശങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി
മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണനല്ലൂരിലെ
കടകളില്‍നിന്നും നിരവധി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ അടുത്തിടെ പോലീസ്
പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിലാണ്
ഇയാളെ പിടികൂടിയത്.
കണ്ണനല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വി.ജയകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മധുസൂധനന്‍, എഎസ്‌ഐ ഹരി സോമന്‍, സിപിഒ മാരായ പ്രമോദ്, അനില്‍, ദിനേശ്, സജി, അനൂപ്
എന്നിവരടങ്ങിയ സംഘമാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

Advertisement