വികസനത്തിന്റെ സമഗ്ര മേഖലകളിലും കുടുംബശ്രീക്ക് പ്രധാന പങ്ക്: മന്ത്രി കെ എൻ ബാലഗോപാൽ

കല്ലുവാതുക്കൽ. സംസ്ഥാനത്തെ വികസനത്തിന്റെ സമഗ്ര മേഖലകളിലും കുടുംബശ്രീയുടെ പങ്ക് വ്യക്തമാണെന്നും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ 25മത് വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വല്യ കൂട്ടായ്മകളിൽ ഒന്നാണ് കുടുംബശ്രീ. ശുചിത്വ- ആരോഗ്യ മേഖലകളിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. സ്ത്രീ ശാക്തീകരണത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ കുടുംബശ്രീയിലൂടെ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് ഘോഷയാത്ര, കാലാകായിക മത്സരങ്ങൾ, സ്നേഹനിധി വിതരണം, റാങ്ക് ജേതാക്കളെ ആദരിക്കൽ, അയൽക്കൂട്ടങ്ങൾക്ക് സബ്‌സിഡി വിതരണം, കലാ-കായിക മേഖലയിലെ സംസ്ഥാന ജേതാക്കളെ അനുമോദിക്കൽ, ഓൾഡേജ് ഹോമിന് ധനസഹായ വിതരണം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു.

ജി എസ് ജയലാൽ എം എൽ എ അധ്യക്ഷനായി. കല്ലുവാതുക്കൾ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് സുദീപ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ ഹരീഷ്, സി ഡി എസ് ചെയർപേഴ്സൺ ജി ബിന്ദു, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ് സത്യപാലൻ, ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ദസ്തകീർ, സ്ഥിരസമിതി അധ്യക്ഷരായ ആർ രജിതകുമാരി, എൻ ശാന്തിനി, ബൈജു ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത്‌ അംഗം എ ആശ ദേവി, ജില്ലാ മിഷൻ കോഡിനേറ്റർ വിമൽ ചന്ദ്രൻ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement