ഉമ്മന്നൂരില്‍ നാടകീയ നീക്കങ്ങള്‍, പ്രസിഡന്‍റിനേയും വൈസ് പ്രസിഡന്‍റിനേയും കോണ്‍ഗ്രസ് പുറത്താക്കി, പിന്തുണച്ച ബിജെപി അംഗം രാജിവച്ചു

Advertisement

കൊല്ലം. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ ബി ജെ പി പിന്തുണയോടെ യുഡിഫ് അധികാരത്തിലെത്തിയ സംഭവത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾ .യുഡിഎഫിന് വോട്ട് ചെയ്ത ബി ജെ പി അംഗം എം. ഉഷ മെമ്പർ സ്ഥാനം രാജിവച്ചു. പിന്നാലെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും പാർട്ടിയിൽ നിന്ന് കോൺഗ്രസ് പുറത്താക്കി.

കഴിഞ്ഞ ദിവസമാണ് കൊല്ലം ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിൽ മൂന്ന് ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരം തിരിച്ചു പിടിച്ചത്. 24 മണിക്കൂറിനകം പദവി രാജി വയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് ആവശ്യപ്പെട്ടെങ്കിലും
വിജയിച്ചവർ അതിന് തയ്യാറായില്ല. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെല്ലപ്പനേയും വൈസ് പ്രസിഡന്റ് എസ്. സുജാതനേയും കോൺഗ്രസ് നേതൃത്വം പുറത്താക്കിയത്. ഇതോടെ ഇരുവർക്കും അതത് സ്ഥാനങ്ങളിൽ തുടരാം.
കോൺഗ്രസിന് വോട്ട് ചെയ്ത മൂന്ന് അംഗങ്ങളോടും ബി ജെ പി യും രാജി ആവശ്യപ്പെട്ടിരുന്നു .പിന്നാലെ ബി ജെ പി യുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും വിലങ്ങറ വാർഡ് അംഗവുമായിരുന്ന എം. ഉഷ പഞ്ചായത്ത് അംഗസ്ഥാനം രാജിവച്ചു. എന്നാൽ മറ്റ് രണ്ടു പേരുടെ കാര്യത്തിൽ തീരുമാനമായില്ല. പാർട്ടി നേതൃത്വത്തിൻ്റെ നിർദ്ദേശം പാലിക്കാതെയും വിപ്പ് ലംഘിക്കുകയും ചെയ്ത അംഗങ്ങൾക്ക് എതിരെ നടപടിയിലേക്ക് പോകാനാണ് ബിജെപിയുടെ തിരുമാനം.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കുന്നത്തൂരിലെ പോരുവഴിപഞ്ചായത്തിലും ഇതേ പ്രശ്നം ഉടലെടുത്തതാണ്. പോരുവഴിയില്‍ കോണ്‍ഗ്രസ് പുറത്താക്കിയവരാണ് ഭരിക്കുന്നത്.

Advertisement