ഭരണിക്കാവിലെ ലോഡ്ജിൽ നിന്നുംമാരക ലഹരി മരുന്നുമായിപ്രായപൂർത്തിയാകാത്ത യുവാവ് ഉൾപ്പെടെ മൂന്നു പേർ പിടിയിൽ;പ്രതികളിൽ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

ശാസ്താംകോട്ട:ശാസ്താംകോട്ട, ശൂരനാട് പോലീസ് സംയുക്തമായി നടത്തിയ റെയ്ഡിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേ‍ർ പിടിയിലായി.കഴിഞ്ഞ ദിവസം രാത്രി 9ന് തൊടിയൂർ പാലത്തിനു സമീപം വച്ച് ശൂരനാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 3 മില്ലി ഗ്രാം എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്തയാൾ
പിടിയിലായത്.തുട‍ർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭരണിക്കാവിലെ ലോഡ്ജിൽ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമായി.തുടർന്ന് ശാസ്താംകോട്ട പോലീസുമായി ചേർന്ന് നടത്തിയ റെയ്ഡിൽ ഭരണിക്കാവിലെ ലോഡ്ജിൽ നിന്നും രണ്ടു യുവാക്കൾ കൂടി പിടിയിലായി.ഇവരിൽ നിന്നും 7.2 ഗ്രാം എംഡിഎംഎ,ലഹരി ഉപയോഗിക്കുന്നതിനായുള്ള 15 പായ്ക്കറ്റ് ഒ.സി.ബി പേപ്പറുകൾ, ലഹരി വലിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ,രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു.

ചങ്ങനാശ്ശേരി പുഴവാത് കിഴക്കുംമുറിയിൽ അംജിത്ത്(19),ചങ്ങനാശ്ശേരി വെട്ടിതുരുത്ത് മുട്ടേൽ പുരയിടം വീട്ടിൽ റിയാൻ നിയാസ്(19) എന്നിവരാണ് പിടിയിലായത്.ഇവർ ഭരണിക്കാവിലെ ഒരു സ്ഥാപനത്തിലെ സ്റ്റാഫുകളാണെന്നും കഴിഞ്ഞ രണ്ടു മാസമായി ഈ ലോഡ്ജിലാണ് താമസമെന്നും പോലീസ് പറഞ്ഞു.ഭരണിക്കാവ് സ്വദേശിയാണ് ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്ന് എത്തിക്കുന്നതെന്നും ഒരു ഗ്രാമിന് 3500 രൂപ വച്ചാണ് വിൽക്കുന്നതെന്നും പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ബാഗിനുള്ളിലും പേഴ്സിലുമാണ് ഇവർ എംഡിഎംഎ
സൂക്ഷിച്ചിരുന്നത്.വിൽപ്പന നടത്തിയ ഇനത്തിൽ ലഭിച്ച 20000 രൂപയും പോലീസ് കണ്ടെടുത്തു.ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നേത‍ൃത്വത്തിൽ ശൂരനാട് സി.ഐ ജോസഫ് ലിയോൺ,എസ്.ഐ ദീപു പിള്ള,ശാസ്താംകോട്ട എസ്.ഐ എച്ച്.ഷാനവാസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement