ഒരു വർഷമായി ഓഫീസറില്ല;യുഡിഎഫ് പഞ്ചായത്തംഗങ്ങൾ കിഴക്കേ കല്ലട കൃഷി ഭവൻ ഉപരോധിച്ചു

Advertisement

ശാസ്താംകോട്ട . കിഴക്കേ കല്ലട കൃഷി ഭവനിൽ ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കിഴക്കേ കല്ലട പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ കൃഷി ഭവൻ ഉപരോധിച്ചു.കഴിഞ്ഞ വർഷം ജൂലൈ മുതൽ ഒരു വർഷമായി ഇവിടെ കൃഷി ഓഫീസർ ഇല്ല.കുറച്ചു നാൾ പേരയം കൃഷി ഓഫീസർക്കും ഇപ്പോൾ മൺറോത്തുരുത്ത് കൃഷി ഓഫീസർക്കുമാണ് ചാർജ്ജുള്ളത്.

ഇതുമൂലം കഴിഞ്ഞ വർഷത്തെ പദ്ധതി നടത്തിപ്പിലും കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.ഭൂമി തരം തിരിക്കലുമായി ബന്ധപ്പെട്ട ഫയലുകൾ ഒരു വർഷമായി തീരുമാനമാകാതെ കെട്ടിക്കിടക്കുന്നു.ഇതു മൂലം ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചവർക്ക് ബുദ്ധിമുട്ടുകയാണ്. കൃഷി ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ മുതൽ കൃഷി ഭവൻ വരെ ഉപരോധ സമരം നടത്തിയെങ്കിലും ലഭിച്ച ഉറപ്പുകൾ ഇതുവരെയും നടപ്പിലായില്ല.

മെയ് 15ന് മുമ്പ് കൃഷി ഓഫീസറെ നിയമിക്കാമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല.ഈ വർഷം 200 കൃഷി ഓഫീസർമാരെ മാറ്റി നിയമിച്ചിട്ടും പുതിയ പോസ്റ്റിംഗ് നടത്തിയിട്ടും കിഴക്കേ കല്ലടയിൽ മാത്രം ഓഫിസർ എത്തിയില്ല.കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ബന്ധപ്പെട്ട അധികാരികളോട് പല തവണ ആവശ്യപ്പെട്ടിട്ടും കൃഷി ഓഫീസറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഉപരോധസമരം നടത്തിയത്.

തുടർന്ന് ജില്ലാ കൃഷി ഓഫീസറും അസിസ്റ്റന്റ് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ രണ്ടു ദിവസത്തിനകം നടപടി എടുക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.ഉപരോധ സമരം കല്ലട രമേശ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ രാജു ലോറൻസ് അദ്ധ്യക്ഷ വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ,കല്ലട ഫ്രാൻസിസ്,ചന്ദ്രൻ കല്ലട,വിനോദ് വില്ലേത്ത്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ റാണി സുരേഷ്,ഷാജി മുട്ടം,മായാദേവി, ശ്രീരാഗ് മഠത്തിൽ,വിജയമ്മ,ലാലി കെ.ജി എന്നിവർ സംസാരിച്ചു.

Advertisement