അന്തരിച്ച സിപിഎം നേതാവ് എം മീരാപിള്ളയുടെ സംസ്കാരം നാളെ

Advertisement

പത്തനാപുരം .സിപി എം മുൻ ജില്ലാ കമ്മിറ്റി അംഗവും പത്തനാപുരം ഏരിയ സെക്രട്ടറിയുമായിരുന്ന മഞ്ചള്ളൂർ കാരംമുട് പുത്തൻവിള വീട്ടിൽ എം മീരാപിള്ള (74) അന്തരിച്ചു. കൊല്ലം എൻ എസ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ എട്ടോടെ ആയിരുന്നു അന്ത്യം. സംസ്കാരം ഞായർ രാവിലെ 10ന്‌ മഞ്ചള്ളൂർ കുണ്ടയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
നിലവിൽ സിപി എം പത്തനാപുരം ഏരിയ കമ്മിറ്റി അംഗവും പത്തനാപുരം ഇ എം എസ്‌ സഹകരണ ആശുപത്രി ഭരണസമിതി അംഗവുമാണ്‌.
പത്തനാപുരം താലൂക്കിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മീരാപിള്ള പ്രസിദ്ധമായ കരിമ്പ് സമരത്തിന് നേതൃത്വം നല്‍കി. കൂലി വർധന ആവശ്യപ്പെട്ടും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെയും ആയിരുന്നു കരിമ്പുസമരം. സ്റ്റേറ്റ് ഫാമിങ്‌ കോർപറേഷനിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വലിയ പങ്കാണ്‌ വഹിച്ചത്‌. പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ്‌, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌, പത്തനാപുരം കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മീരാപിള്ള ദീർഘകാലം ഗ്രാമവികസന ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു. സംസ്ഥാന കാർഷിക ഗ്രാമവികസനബാങ്ക് ഭരണസമിതി അംഗമായും സർക്കിൾ സഹകരണ യൂണിയൻ അംഗമായും കേരള സ്റ്റേറ്റ് ഫാമിങ്‌ കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1999 മുതൽ 2005വരെ സിപിഐ എം ഏരിയ സെക്രട്ടറിയായിരുന്നു. 2021വരെ കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
മൃതദേഹം ശനിയാഴ്ച സിപിഐ എം കുന്നിക്കോട് ഏരിയ കമ്മിറ്റി ഓഫീസ്‌, പത്തനാപുരം പഞ്ചായത്ത്‌ ഓഫീസ്‌, സിപിഐ എം പത്തനാപുരം ഏരിയ കമ്മിറ്റി ഓഫീസ്‌, പത്തനാപുരം ഇ എം എസ് സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവച്ചു. പത്തനാപുരം ഏരിയ കമ്മിറ്റി ഓഫീസിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹൻ, ജോർജ്‌ മാത്യൂ, വി കെ അനിരുദ്ധൻ, ഏരിയ സെക്രട്ടറി എൻ ജഗദീശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി അജയകുമാർ, അഡ്വ. ബിജു കെ മാത്യൂ എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു. തുടർന്ന് മൃതദ്ദേഹം വിലാപയാത്രയായി കാരമൂടിലെ വീട്ടിൽ പൊതുദർശനത്തിനായി കൊണ്ടുപോയി. മന്ത്രി കെ എൻ ബാലഗോപാൽ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഭാര്യ: ലൈലാബീവി. മക്കൾ: അഡ്വ. എം മിലാദ്, എം മിലാന. മരുമക്കൾ: ഫിർസീനാ ഫിറോസ്, എസ് അംനാഷ്.

Advertisement