‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് മെയ്‌ രണ്ടു മുതൽ 11 വരെ

കൊല്ലം താലൂക്കിലെ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം ജില്ലാ കലക്ടർ സന്ദർശിച്ച് വിലയിരുത്തുന്നു

കൊല്ലം. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ട് മുതൽ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകൾ ആസ്ഥാനമാക്കി മന്ത്രിമാരുടെ നേതൃത്വത്തിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു. പരാതികൾ/അപേക്ഷകൾ ഏപ്രിൽ 10
വരെയുള്ള പ്രവൃത്തിദിനങ്ങളിൽ താലൂക്കാഫീസുകളിൽ പ്രത്യേകം സജ്ജീകരിച്ച ഹെല്പ് ഡസ്ക് മുഖേന ഓൺലൈനായി സമർപ്പിക്കാം.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 28 വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും. അക്ഷയകേന്ദ്രങ്ങളിലും, ഓൺലൈനായി വ്യക്തികൾക്കും www.karuthal.kerala.gov.inൽ അപേക്ഷ നൽകാം.

ജില്ലാ കളക്ടറേറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെൽ, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർ കൺവീനറായുള്ള ജില്ലാ അദാലത്ത് സെൽ, താലൂക്ക് ഓഫീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന താലൂക്ക് അദാലത്ത് സെൽ എന്നിവ ഇതിനോടകം രൂപികരിച്ചു.

ഇതുവരെ 225 പരാതികൾ ലഭിച്ചിട്ടുണ്ട്. കൊല്ലം താലൂക്കിലെ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം ജില്ലാ കലക്ടർ സന്ദർശിച്ച് വിലയിരുത്തി. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Advertisement