സ്വകാര്യ ആശുപത്രിയില്‍ യുവാവിന്റെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Advertisement

കൊട്ടാരക്കര: ആലപ്പുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്ന എഴുകോണ്‍ കുടിക്കോട്, പടിഞ്ഞാറ്റെവിള വിഘ്നേശ് ബാബു(21)വിന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് ആശുപത്രി വളപ്പിലെ കെട്ടിടത്തില്‍ വിഘ്നേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയിലെ അക്കൗണ്ടന്റായിരുന്നു വിഘ്നേശ്. ജോലി സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ആശുപത്രിയില്‍ നിന്നും അതേ മാനേജ്മന്റിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് വിഘ്നേഷിനെ മാറ്റിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബന്ധുക്കള്‍ എത്തും മുമ്പ് മൃതദേഹം മാറ്റിയതും ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതും ദുരൂഹത വര്‍ധിപ്പിച്ചു.
ആലപ്പുഴ സൗത്ത് പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും കാട്ടി വിഘ്നേശിന്റെ അച്ഛന്‍ ബാബുവും അമ്മ രാധാമണിയും ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ദുഃഖവെള്ളിയാഴ്ച ദിവസം കുടുംബം ഒന്നടങ്കം പോലീസ് സ്റ്റേഷനു മുന്നില്‍ നിരാഹാര സമരം നടത്താനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചതായി ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചത്. അന്വേഷണ സംഘം തങ്ങളുടെ മൊഴിയെടുത്തതായും ബാബുവും രാധാമണിയും പറഞ്ഞു.

Advertisement