20 വർഷത്തിനു ശേഷം പിടികിട്ടാപുള്ളി
പോലീസ് പിടിയിൽ

ശാസ്താംകോട്ട : അനധികൃത വില്പനയ്ക്കായ്‌ വൻ തോതിൽ മദ്യം കടത്തി കൊണ്ടു വന്ന കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി.വടക്കൻ പറവൂരിന് സമീപം കോട്ടുവള്ളി സ്വദേശി കളരിതറ ബൈജുവിനെയാണ് 20 വർഷത്തിനു ശേഷം ശാസ്താംകോട്ട പോലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്.2001ഏപ്രിൽ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഈ കേസിലെ മറ്റ് പ്രതികളുടെ നേതൃത്വത്തിൽ ശാസ്താംകോട്ട മനക്കരയിൽ വാടകക്ക് എടുത്ത വീട്ടിൽ ശേഖരിച്ചു വച്ച് വില്പന നടത്തുന്നതിനായി കാറിൽ കടത്തികൊണ്ടുവന്ന 600 കുപ്പിയോളം വിദേശമദ്യം പോലീസ് പിടികൂടിയിരുന്നു.തുടർന്ന് ജ്യാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ കോടതിയിൽ നിന്നും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.കാലങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നിർദ്ദേശപ്രകാരം എസ്എച്ച്ഒ അനുപിന്റെ നേതൃത്വത്തിൽ എസ്ഐ ഷാനവാസ്‌,രാജേഷ്,സിപിഒ നിഷാന്ത്‌ എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലെ ഈറോഡിന് സമീപം താമസിച്ചു വരുന്നതായി കണ്ടെത്തി.ഈ പ്രദേശത്ത് നടന്ന നിരവധി മോഷണ കേസുകളിലും ഇയ്യാൾ പ്രതിയാണ്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement