ഉല്‍സവമേഖലയിലെ അശാസ്ത്രീയ പരിഷ്‌കാരം,ശാസ്താംകോട്ട ഉല്‍സവം കാണാനാവാതെ ആയിരങ്ങള്‍

Advertisement

ശാസ്താംകോട്ട. ഉല്‍സവമേഖലയിലെ അശാസ്ത്രീയ പരിഷ്‌കാരം, ഉല്‍സവം കാണാനാവാതെ ആയിരങ്ങള്‍ മടങ്ങി. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനായി ഭരണിക്കാവിനും ആഞ്ഞിലിമൂടിനും ഇടയില്‍ റോഡ് ബ്‌ളോക്ക് ചെയ്തതാണ് ജനത്തെ വലച്ചത്. അകലെ നിന്നും വാഹനങ്ങളില്‍ ഉല്‍സവം കാണാനെത്തിയവര്‍ രണ്ടു കിലോമീറ്ററോളം നടക്കണമെന്ന നിലവന്നതോടെ വാഹനങ്ങളില്‍ മടങ്ങുകയായിരുന്നു.

ചവറ കരുനാഗപ്പള്ളി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് ആഞ്ഞിലിമൂട് മുതല്‍ ഫില്‍ട്ടര്‍ ഹൗസ് വരെ അതി വിശാലമായ പ്രധാനപാതയില്‍ സഞ്ചരിക്കാനും വാഹനം പാര്‍ക്കു ചെയ്യുവാനും കഴിയുമായിരുന്നു അതുപോലെ ഭരണിക്കാവുമുതല്‍ ശാസ്താംകോട്ട പഞ്ചായത്ത് ഓഫിസിനുമുന്നില്‍ വരെയും ഇതിന് സൗകര്യം ലഭിച്ചിരുന്നു. പ്രധാനപാത ബാരിക്കേഡ് സ്ഥാപിച്ച് അടച്ചതോടെ മേഖലയിലെ വീടുകളില്‍ ഉല്‍സവം കാണാന്‍ അകലെ നിന്നെത്തിയവരും വലഞ്ഞു. ആഞ്ഞിലിമൂട് ഭരണിക്കാവ് ടൗണില്‍ ആദ്യമെത്തിയവര്‍ വാഹനം പാര്‍ക്കു ചെയ്ത് നടന്നതോടെ വാഹനം പോകാനും തിരിക്കാനും സ്ഥലം പോലുമില്ലാതെ പ്രതിസന്ധിയായി.

ദേശിംഗനാട്ടില്‍ പ്രസിദ്ധമായ ശാസ്താംകോട്ട ഉല്‍സവം കാണാന്‍ അകലെ നിന്നെത്തുന്നവര്‍ വലയുന്നകാഴ്ചയായിരുന്നു കണ്ടത്. ഫില്‍ട്ടര്‍ ഹൗസിന് തെക്കുവശത്തും പഞ്ചായത്ത് ഓഫീസിനു സമീപത്തും ബാരിക്കേഡ് വച്ചിരുന്നുവെങ്കില്‍ ഈ പ്രതിസന്ധിയുണ്ടാകുമായിരുന്നില്ല.

Advertisement