വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി തൊഴിലാളികൾ അനശ്ചിതകാല സമരം ആരംഭിച്ചു

Advertisement

കുന്നത്തൂർ:കൂലി വർദ്ധനവ് നടപ്പാക്കുക,ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക,ആശ്വാസ ധനസഹായം അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി അനശ്ചിതകാല സമരത്തിലേക്ക്.തിങ്കളാഴ്ച മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.ഏഴ് വർഷം മുമ്പാണ് കശുവണ്ടി മേഖലയിൽ മിനിമം കൂലി പുതുക്കി നിശ്ചയിച്ചത്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് രണ്ട് തവണയാണ് കൂലി വർദ്ധനവുണ്ടായത്.എന്നാൽ തുടർന്നു വന്ന പിണറായി സർക്കാർ തൊഴിലാളികളുടെ ആവശ്യം അവഗണിച്ചു.രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും കൂലി വർദ്ധനവ് നടപ്പാക്കാത്തതാണ് സമരരംഗത്തേക്ക് തൊഴിലാളികളെ എത്തിച്ചിരിക്കുന്നത്.ഗ്രേഡിങ് തൊഴിലാളികൾക്ക് 285 രൂപയാണ് കൂലി കിട്ടുന്നത്.മറ്റ് വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് നാമമാത്രമായ വരുമാനമാണ് ആഴ്ചയിൽ ലഭിക്കുന്നത്.ഒരു ദിവസത്തെ ജോലിക്ക് നൽകുന്ന കശുവണ്ടി പരിപ്പിന്റെ വേല പൂർണതോതിൽ തീരണമെങ്കിൽ മൂന്ന് ദിവസമെങ്കിലും വേണ്ടി വരും.എന്നാൽ ജീവനക്കാർക്കെല്ലാം ശമ്പളം കൃത്യമായി ലഭിക്കുകയും ചെയ്യുന്നു.ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കാൻ മാസാവസാനം ജോലി വയ്ക്കുന്നത് പതിവാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു.മതിയായ ഹാജർ ഇല്ലാത്തതിനാൽ ചികിത്സാ സഹായങ്ങളും,പി.എഫ് ഉൾപ്പടെ ഇഎസ്ഐ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.136 ഹാജർ ഒരു സാമ്പത്തിക വർഷം ലഭിച്ചാൽ മാത്രമേ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു.എന്നാൽ ഈ സാമ്പത്തിക വർഷം 50 ഹാജർ മാത്രമാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളതെന്ന് തൊഴിലാളികൾ പറഞ്ഞു.മുമ്പ് കയർമേഖലയിൽ നടപ്പാക്കിയതു പോലെ മതിയായ വേതനം ലഭിക്കാത്തതു കൊണ്ട് തൊഴിലിനെത്തുന്നവർക്ക് ദിവസം 110 രൂപ സർക്കാർ ആശ്വാസ സഹായം സർക്കാർ നൽകുന്നത് കശുവണ്ടി മേഖലയിലും നടപ്പാകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.

കശുവണ്ടി മേഖലയുടെ വളർച്ചയ്ക്ക് 50 കോടി രൂപ കഴിഞ്ഞ വർഷം സർക്കാർ അനുവദിച്ചെങ്കിലും ഇതിന്റെ പ്രയോജനം തൊഴിലാളികൾക്ക് ലഭിച്ചില്ല.അടിയന്തിരമായി കശുവണ്ടി
തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെട്ട് ശാശ്വത പരിഹാരം കാണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.കൊല്ലത്ത് പാൽക്കുളങ്ങര,കുന്നത്തൂർ,ചിറ്റുമല കോർപറേഷൻ ഫാക്ടറികളിലെ തൊഴിലാളികൾ സമരം ആരംഭിച്ച് കഴിഞ്ഞു.കുന്നത്തൂർ ഫാക്ടറിയിൽ കഴിഞ്ഞ ദിവസം സമരം നടത്തിയ തൊഴിലാളികൾ ജീവനക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ ഗേറ്റ് ഉപരോധിച്ചിരുന്നു.വൈകിട്ട് 6.30 ഓടെ ശാസ്താംകോട്ടയിൽ നിന്നും വനിതാ പോലീസ് ഉൾപ്പെടെ എത്തി ചർച്ച നടത്തിയ ശേഷമാണ് തൊഴിലാളികൾ ഇവരെ പുറത്തിറങ്ങാൻ അനുവദിച്ചത്.അതിനിടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസും ഐഎൻടിയുസിയും രംഗത്ത് എത്തിയിട്ടുണ്ട്.

Advertisement