സാംസ്‌കാരിക കേരളം പുറത്ത് നിർത്തി; കേന്ദ്രമന്ത്രി സുഷമ സ്വരാജ് പറന്നെത്തി ചേർത്തു നിർത്തി; ഒടുവിൽ ബെൻസനും യാത്രയായി

കൊല്ലം: ജില്ലയിൽ ആദ്യമായി എയ്ഡ്‌സ് സ്ഥിരീകരിച്ച പരേതരായ സി.കെ. ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളിൽ ബെൻസനും യാത്രയായി.

സഹോദരി ബെൻസി 2010ൽ മരിച്ചു. കുടുംബത്തിലെ അവസാനത്തെ കണ്ണിയായിരുന്ന ബെൻസനെ (26) തൃക്കണ്ണമംഗലിൽ ബന്ധുവീട്ടിൽ കഴിഞ്ഞദിവസമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രതികരണം.

മാതാപിതാക്കൾ എച്ച്‌ഐവി രോഗികളായതുകൊണ്ട് മാത്രം രോഗ ബാധിതരായ ബെൻസനും ബെൻസിയും കേരളത്തിൽ അറിയപ്പെട്ടത് അവർ നേരിട്ട സാമൂഹിക വിവേചനത്തിന്റെ പേരിലായിരുന്നു. അക്ഷരം പഠിക്കാൻ സ്‌കൂളിലെത്തിയ കുട്ടികളെ സാംസ്‌കാരിക കേരളം പുറത്ത് നിർത്തി.

എച്ച്‌ഐവി രോഗികളായ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ തങ്ങളുടെ കുട്ടികൾ പഠിക്കില്ലെന്ന് മറ്റ് രക്ഷകർത്താക്കൾ നിലപാടെടുത്തപ്പോൾ മനസ്സ് പൊള്ളിയ കുട്ടികളായിരുന്നു ആദിച്ചനല്ലൂർ സ്വദേശികളായ ഇരുവരും. കേരളത്തിലെ പൊതുസമൂഹം മുഴുവൻ ആ കുരുന്നുകളെ വെറുപ്പോടെ നോക്കിയപ്പോൾ അവരെ സ്വന്തം ശരീരത്തോട് ചേർത്ത് നിർത്തി കൊഞ്ചിച്ചത് അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജായിരുന്നു.

2003 സെപ്റ്റംബറിലാണ് സുഷമ സ്വരാജ് കുട്ടികളെ സന്ദർശിച്ചത്. ഇരുവരെയും ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ച സുഷമ സ്വരാജ് എച്ച്‌ഐവി രോധബാധിതർക്ക് നേരെയുള്ള അബദ്ധ ധാരണകൾക്ക് ചുട്ട മറുപടി കൂടിയാണ് നല്കിയത്. 2010ൽ പതിനഞ്ചാം വയസിലാണ് ബെൻസി മരണപ്പെട്ടത്. 2005ൽ മുത്തശ്ശൻ ഗീവർഗീസും കുറച്ചുനാളുകൾക്ക് മുൻപ് മുത്തശ്ശി ശാലിക്കുട്ടിയും മരിച്ചു.

Advertisement