പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ പോക്സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോയിപ്പാട് നന്ദനത്തിൽ ബിജൂ (38) ആണ് പോലീസ് പിടിയിലായത്.

പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനാറ്കാരിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കിയ ഇയാൾ ഇതിലൂടെ പെൺകുട്ടിയുടെ മൊബൈലിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു. നമ്പർ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് വീണ്ടും മറ്റ് നമ്പരുകളിൽ നിന്നും അശ്ലീല സന്ദേശമയക്കുകയും വിദ്യാലയത്തിലേക്ക് പോകുന്ന പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയും പോലീസ് സഹായം തേടുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിക്ക് പ്രത്യേക പരിഗണന നൽകി ചാത്തന്നൂർ അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇയാളുടെ മൊബൈൽ ഫോൺ ട്രെയ്സ് ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. ചാത്തന്നൂർ അസിസ്റ്റൻറ് കമ്മീഷണർ ബി.ഗോപകുമാറിൻറെ നേതൃത്വത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐ മാരായ ഹരിലാൽ, അനിൽകുമാർ എസ്.സി.പി.ഒ മാരായ സന്തോഷ്, ആൻറണി, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു.

Advertisement