ലോക വനിതാദിനം: സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെഎസ്‌ആർടിസി നടത്തുന്ന വനിതാ യാത്ര സൂപ്പർ ഹിറ്റ്

Advertisement

തിരുവനന്തപുരം: ലോക വനിതാദിനാഘോഷത്തോടനുബന്ധിച്ച്‌ വനിതകൾക്ക് മാത്രമായി സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെഎസ്‌ആർടിസി നടത്തുന്ന വനിതാ യാത്ര സൂപ്പർ ഹിറ്റ്.

നെയ്യാറ്റിൻകര നിംസിലെ വനിതാ ജീവനക്കാർക്കായി നടത്തിയ മൺറോതുരുത്ത്, സാബ്രാണിക്കൊടി, തിരുമല്ല വാരം ബീച്ച് എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റാൻഡിൽ വച്ച്‌ നടന്ന ചടങ്ങിൽ നവകേരള മിഷൻ ഡയറക്ടർ ഡോ. ടി എൻ സീമ മുൻ എം പി നിർവഹിച്ചു.

കെഎസ്‌ആർടിസി സൗത്ത് സോൺ എക്‌സി. ഡയറക്ടർ ജി അനിൽകുമാർ, നൂറുൽ ഇസ്ലാം സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. എം എസ് ഫൈസൽ ഖാൻ, നെയ്യാറ്റിൻകര എടിഒ എസ് മുഹമ്മദ് ബശീർ തുടങ്ങിയവർ പങ്കെടുത്തു. യാത്രയോടനുബന്ധിച്ച്‌ നിംസ് മെഡിസിറ്റിയിലെ വനിതാ ജീവനക്കാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഇതോടൊപ്പം സംസ്ഥാനത്തുടനീളം 100 വനിതകൾ മാത്രമുള്ള വിവിധ ട്രിപ്പുകളും നടത്തി. കൊച്ചി വൻഡർലായുമായി സഹകരിച്ച്‌ 20 ട്രിപുകളും താമരശ്ശേരി യൂണിറ്റിൽ നിന്നും 16 വനിതാ ഉല്ലാസ യാത്രകളും നടത്തി.

തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച്‌ തീരദേശ വനിതകൾ പങ്കെടുക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന തിരുവനന്തപുരം-കോഴിക്കോട് വനിതാ യാത്രയും ആരംഭിച്ചു. കോട്ടയത്ത് മലയാള മനോരമയുമായി സഹകരിച്ച്‌ നവജീവൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌നേഹക്കൂട്ടിലെ വനിതാ അന്തേവാസികൾക്കായി വാഗമണ്ണിലേക്ക് സ്‌നേഹ സ്വാന്തന യാത്രയും നടത്തി.

വനിതകൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഉല്ലാസയാത്ര നടത്താമെന്ന സന്ദേശമാണ് വനിതാ യാത്രാ വാരത്തിലൂടെ കെഎസ്‌ആർടിസി ബഡ്ജറ്റ് ടൂർസ് മുന്നോട്ട് വയ്ക്കുന്നത്. മാർച് എട്ട് മുതൽ 13 വരെയാണ് കെഎസ്‌ആർടിസി ബഡ്ജറ്റ് ടൂർസ് ‘വനിതാ യാത്രാ വാരം- വുമൻസ് ട്രാവൽ വീക് (Womens Travel Week)’ ആയി ആഘോഷിക്കുന്നത്.

Advertisement