കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും വൻനാശനഷ്ടം

Advertisement

കോഴിക്കോട്.കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും വൻനാശനഷ്ടം. കോഴിക്കോട് വിവിധയിടങ്ങളിൽ വെള്ളം കയറി. പന്തീരാങ്കാവിൽ ദേശീയപാത സർവീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടിനു കാരണം ജലവിഭവ വകുപ്പിന്റെ വീഴ്ച എന്ന് മേയർ കുറ്റപ്പെടുത്തി.
മലപ്പുറത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ അതിതീവ്ര മഴയാണ് കോഴിക്കോട് ജില്ലയിൽ അനുഭവപ്പെട്ടത്. മഴ നിർത്താതെ പെയ്തതോടെ, പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. ബാലുശ്ശേരി, നന്മണ്ട, രാമനാട്ടുകര, പെരുമണ്ണ എന്നിടങ്ങളിൽ പല കുടുംബങ്ങളേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പന്തീരങ്കാവ് ദേശീയപാത 66 ലെ സർവീസ് റോഡും സംരക്ഷണ ഭിത്തിയും തകർന്ന് വീടുകൾക്ക് മുകളിലേക്ക് പതിച്ചു. വീട്ടിലുണ്ടായിരുന്ന മോഹനൻ എന്നയാൾക്ക് പരുക്കേറ്റു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
മാവൂർ മേഖലയിൽ വാഴകർഷകർക്ക് കനത്ത നാശനഷ്ടമുണ്ടായി. കോഴിക്കോട് നഗരത്തിൽ പതിവ് പോലെ, മാവൂർ റോഡും സ്റ്റേഡിയം ജംഗ്ഷനും മാനാഞ്ചിറയ്ക്ക് സമീപവുമാണ് വെള്ളത്തിനടിയിലായത്. കല്ലായിപ്പുഴയുടെ ആഴം കൂട്ടാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് മേയർ ബീനാ ഫിലിപ്പ് പ്രതികരിച്ചു


നന്മണ്ട ചീക്കിലോട് മതിൽ തകർന്ന് വീടിന് മുകളിലേക്ക് പതിച്ചു. വീട്ടിലുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്ദമംഗലത്ത് പൊതുകിണർ ഇടിഞ്ഞ് താഴ്ന്നു. പെരുവയലിൽ മരംകടപുഴകി വീണ് ചെറുകുന്നുമ്മൽ ശിവദാസൻ്റേ ഓട്ടോറിക്ഷ പൂർണമായും നശിച്ചു. മലപ്പുറത്ത് പലയിടങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.  കൊണ്ടോട്ടി ചെറുകാവ് നെച്ചിയിലും തേഞ്ഞിപ്പാലത്ത് സ്പിന്നിങ്ങ് മില്ലിന് സമീപവുമാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. .മൂന്നിയൂരില്‍ കല്ലടത്താഴത്ത് എസ് സി കോളനിയിലെ വീടുകള്‍ അപകടവസ്ഥയിലാണ്.തുടച്ചയായ മഴയില്‍ മണ്ണ് ഇടിഞ്ഞ് വീഴുന്നതാണ് പ്രതിസന്ധി.തേഞ്ഞിപ്പാലം പള്ളിക്കബസാറില്‍ വീടുകളിൽ വെള്ളം കയറി.

FILE PIC

Advertisement