വിവിധയിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ റോഡിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ റോഡിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ.. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി മൂന്നു പേർ മരിച്ചു. എറണാകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം.


തിരുവനന്തപുരം എറണാകുളം ജില്ലകളിൽ രാവിലെ നടന്ന അപകടത്തിൽ  കാൽനടയാത്രക്കാരനടക്കം അഞ്ചു പേർ മരിച്ചു. തിരുവനന്തപുരം തമ്പുരാൻ മുക്കിൽ പുലർച്ചെ 3 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്.കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം റോഡ് മുറിച്ചു കടക്കുന്നതിനിടെ   സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മണക്കാട് സ്വദേശികളായ അൽസാജിർ,അൽ അമാൻ എന്നിവരാണ് ബൈക്കിൽ ഉണ്ടായിരുന്നത്.ഇടിയുടെ ആഘാതത്തിൽ മൂവർക്കും ഗുരുതര പരിക്കേറ്റു. സുനീഷിനെയും അൽ സാജിറിനെയും ഉടൻ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അൽ അമാൻ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തൊട്ടുപിന്നാലെ വർക്കലയിൽ ഇരുചക്രവാഹനത്തിൽ സ്വകാര്യ ബസിടിച്ച് ഒരാൾ മരിച്ചു.അഞ്ചുതെങ്ങ് കോവില്‍ത്തോട്ടം സ്വദേശി പ്രതിഭയാണ് മരിച്ചത്. വർക്കല റെയിൽവേ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. മകളെ റയിൽവേ സ്റ്റേഷനിൽ കൊണ്ട് ചെന്നാക്കുന്നതിനിടയായിരുന്നു അപകടമുണ്ടായത് വർക്കല -വെഞ്ഞാറമൂട്  റൂട്ടിലോടുന്ന ഹബീബി എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ പിതാവും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു.. ബസിന്റെ ഡ്രൈവർ പോലീസ് കസ്റ്റഡിയിലാണ്.

തൃപ്പൂണിത്തുറയിലുണ്ടായ അപകടത്തിലും രണ്ട് ജീവനുകൾ പൊലിഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോണ്‍ ആന്റണി, ഇന്‍സാം എന്നിവരാണ് മരിച്ചത്.

Advertisement