എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിന് ഇന്ന് ഒരാണ്ട്

കൊച്ചി: കേരളത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിന് ഇന്ന് ഒരു വർഷം. ആറുമാസം മുമ്പ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. കേസിലെ ഏക പ്രതിയായ ഷാരൂഖ് സെയ്ഫി വിയ്യൂരിലെ അതീവ സുരക്ഷ ജയിലിൽ കഴിയുകയാണ്. 2023 ഏപ്രിൽ രണ്ടിന് രാത്രി 9.30 ആയിരുന്നു. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി-1 കോച്ചിലായിരുന്നു ഷഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫി തീയിട്ടത്. ഷൊർണൂരിൽ നിന്നും കുപ്പിയിൽ പെട്രോൾ വാങ്ങി ബാഗിൽ സൂക്ഷിച്ച ശേഷം എലത്തൂരിലെത്തിയപ്പോൾ തീയിടുകയായിരുന്നു. ഒരു കുഞ്ഞു ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും 9 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചത്. യാത്രക്കാരെ ഭീതിയിലാഴ്ത്തി കൊല്ലുകയായിരുന്നു ഉദ്ദേശം എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എൻ ഐ എ ഏറ്റെടുത്ത കേസുകളുടെ ക്രമ പ്രകാരമാണ് വിചാരണ. അതിനാൽ മറ്റു കേസുകളുടെ വിചാരണകൾക്ക് ശേഷമേ എലത്തൂർ കേസിൽ വിചാരണ ആരംഭിക്കുകയുള്ളൂ.

Advertisement