വാർത്താനോട്ടം

Advertisement

വാർത്താനോട്ടം

2024 ഏപ്രിൽ 02 ചൊവ്വ

BREAKING NEWS

👉മുതലപ്പൊഴിയിൽ ഇന്നും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.

👉കേജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി.

👉 പെരുമ്പാവൂർ പുല്ലുവഴിയിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു.

👉 തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു.10 പേർക്ക് പരിക്ക്.

🌴കേരളീയം🌴

🙏അധിക വായ്പ എടുക്കാനുള്ള സാഹചര്യം ബോധ്യപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് വിമര്‍ശനം. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് കോടതിയില്‍ തെളിവ് നല്‍കി ആവശ്യപ്പെടാന്‍
കഴിയാതെ പോയത്.

🙏 ഭരണഘടനാ സ്ഥാപനങ്ങള്‍ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി ഇടപെടാന്‍ അനുവദിക്കാത്ത തരത്തില്‍ ഇടപെടല്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇപ്പോഴത്തെ രീതിയില്‍ വളര്‍ന്നു വരാന്‍ കാരണം കോണ്‍ഗ്രസ് നിലപാടില്‍ അയവു വരുത്തിയതാണെന്നും
അദ്ദേഹം വിമര്‍ശിച്ചു.

🙏 യുഡിഎഫ് എസ്ഡിപിഐയുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് വിഡി സതീശന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അവരുമായി ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

🙏 കരുവന്നൂര്‍ ബാങ്ക് കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കി. ബുധനാഴ്ച ഹാജറാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതില്‍ തീരുമാനം എടുക്കുവെന്ന് എം എം വര്‍ഗീസ് പറഞ്ഞു.

🙏 കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം സി രാധാകൃഷ്ണന്‍ രാജിവെച്ചതില്‍ അദ്ദേഹത്തിന്റെ പ്രതിഷേധം തെറ്റെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്. സാംസ്‌കാരിക മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എഴുത്തുകാരനാണെന്ന് മാധവ് കൗശിക് വിശദീകരിച്ചു.

🙏 രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പാര്‍ലമെന്റ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോയും നാളെ ഉണ്ടാകും.

🙏 തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള മലേഷ്യന്‍ എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഉണ്ടായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം – ക്വലാലമ്പൂര്‍ സര്‍വീസ് ആഴ്ചയില്‍ നാല് ആക്കി വര്‍ദ്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

🙏 സുരേഷ് ഗോപിക്ക് വേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മാര്‍ച്ച് 30ന് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരു പറഞ്ഞ് സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് പരാതി.

🙏 റാന്നിയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യും.10 ലക്ഷം രൂപ ഇന്നലെ തന്നെ നല്‍കാന്‍ തീരുമാനമായിരുന്നു. മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും, താത്കാലിക ജോലി ഉടന്‍ നല്‍കും. ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗം ശുപാര്‍ശ ചെയ്തു.

🙏 സംസ്ഥാനത്ത് 12 ജില്ലകലില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 5 വരെ സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

🙏 ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി ആര്‍ ബിന്ദു. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവനന്തപുരം സെന്റ് ആന്റ്സ് കോണ്‍വെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹ ഭവനിലെ സിസ്റ്റര്‍ മര്‍ദിച്ചുവെന്നാണ് പരാതി.

🇳🇪 ദേശീയം 🇳🇪

🙏 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇ.വി.എമ്മിനൊപ്പം 100 ശതമാനം വി.വി.പാറ്റ് രസീതുകള്‍ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവില്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ് എണ്ണുന്നത്. വിവിപാറ്റ് സ്ലിപ്പുകള്‍ ബാലറ്റ് ബോക്സില്‍ നിക്ഷേപിക്കാന്‍ വോട്ടര്‍മാരെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

🙏 കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം മാനിച്ചുകൊണ്ടു മാത്രമേ അധികാരം പ്രയോഗിക്കാവൂ എന്നും മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂവെന്നും സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍ എത്തിച്ചത്. പ്രത്യേക ഡയറ്റിനുള്ള സൗകര്യവും, വായനക്കായി ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🙏 മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എഎപി നേതാക്കളും മന്ത്രിമാരുമായ അതിഷി മര്‍ലേനയുടേയും സൗരഭ് ഭരദ്വാജിന്റേയും പേര് പറഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി മന്ത്രിമാരായ ഇവര്‍ക്ക് കേസില്‍ ബന്ധമുള്ളതായിട്ടാണ് കെജ്രിവാള്‍ പറഞ്ഞതെന്നാണ് ഇ.ഡി.കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

🙏 ഗ്യാന്‍വാപിയിലെ തെക്കന്‍ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്‌കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.

🙏 വൈദ്യുതി നിരക്കില്‍ കുറവ് വരുത്തി കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍. നിരക്ക് മാറ്റം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 1 രൂപ 10 പൈസയാണ് കുറച്ചത് . 15 വര്‍ഷത്തിനിടെ ആദ്യമായാണ് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കുറയുന്നത്.

🙏 ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത് ആത്മഹത്യ ചെയ്തതിന് തുല്യമെന്ന് സിപിഎം ബീഹാര്‍ സംസ്ഥാന സെക്രട്ടറി ലലന്‍ ചൗധരി. നിതീഷിന് വിശ്വാസ്യത നഷ്ടമായി കഴിഞ്ഞു. ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം കൊണ്ടുനടക്കുന്ന ബിജെപിക്ക് എതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🇦🇴 അന്തർദേശീയം 🇦🇺

🙏 അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ 30 സ്ഥലങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദത്തോടെ ചൈന പേര് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. അരുണാചലിലെ സ്ഥലപ്പേരുകള്‍ ചൈന മാറ്റിയതിനെ ഇന്ത്യ തള്ളിക്കളയുന്നുവെന്നും അരുണാചല്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും ചൈന സ്ഥലപ്പേരുകള്‍ മാറ്റിയതോടെ യാഥാര്‍ഥ്യം അല്ലാതാകുന്നില്ലെന്നും കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍.

🙏 ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെടുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ അവരുടെ ഭാര്യമാരുടെ കൈവശമുള്ള ഇന്ത്യന്‍ സാരികള്‍ എന്തുകൊണ്ടാണ് ഉപേക്ഷിക്കാത്തത് എന്ന് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിമര്‍ശിച്ചു.

🙏 സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്ററടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചു.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് 27 പന്തുകള്‍ ശേഷിക്കെ 6 വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു.

🙏ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന്‍
54 റണ്‍സെടുത്ത റിയാന്‍ പരാഗിന്റെ കരുത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

🙏മൂന്ന് കളികളില്‍ മൂന്നും ജയിച്ച രാജസ്ഥാന്‍
പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കളിച്ച മൂന്ന് കളിയും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.

🙏 ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയും കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ പി.രവിയച്ചന്‍ (96) അന്തരിച്ചു.

Advertisement