ആകാശവാണി തിരുവനന്തപുരം നിലയം 75 ആം വാർഷികം ആഘോഷിച്ചു

തിരുവനന്തപുരം.ആകാശവാണി തിരുവനന്തപുരം നിലയം 75 ആം വാർഷികം ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ആകാശവാണി ഒരു സംസ്കാരമാണ് എന്ന് ജോർജ് ഓണക്കൂർ പറഞ്ഞു.


മലയാളികളുടെ ജീവിത രീതിയിൽ തന്നെ വലിയ സ്വാധീനം ചെലുത്തിയ ആകാശവാണി തിരുവനന്തപുരത്തിന്റെ 75 ആം വാർഷികം തിരുവനന്തപുരം നിലയത്തിലെ ജീവനക്കാരും, സാഹിത്യ സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് ആഘോഷിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഉദ്‌ഘാടനം ചെയ്തു. എന്നും സത്യത്തിന്റെ ഭാഗത്ത് നിന്ന് പ്രവർത്തിച്ച ആകാശവാണി മികച്ച ഗുരുവാണെന്ന് ജോർജ് ഓണക്കൂർ.


ഭാഷയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പഠിപ്പിച്ച മാധ്യമമാണ് ആകാശവാണി എന്നും മലയാളികളെ ശ്രോതാവായി പിടിച്ചിരുത്തിയതാണ് ആകാശവാണി ഉണ്ടാക്കിയ അത്ഭുതം എന്നും ചരിത്രകാരനും അധ്യാപകനുമായ എം ജി ശശി ഭൂഷൻ പറഞ്ഞു. ആകാശവാണി തിരുവനന്തപുരം നിലയം മേധാവി കെ എസ് സുബ്രമണ്യ അയ്യർ, പ്രോഗ്രാം മേധാവി വി ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. 75 ആം വാർഷികത്തോട് അനുബന്ധിച്ച് ആകാശവാണി വൈവിധ്യമായ പരിപാടികൾ സംഘടിപ്പിക്കും.

Advertisement