പോസ്റ്ററുകൾ കെട്ടികിടക്കുന്നു; കൊല്ലത്തെ ബി ജെ പി സ്ഥാനാർത്ഥി പാർട്ടിക്ക് പരാതി നൽകി

Advertisement

കൊല്ലം: പാർലമെൻ്റ് തെരെഞ്ഞടുപ്പിൽ കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ കെട്ടികിടക്കുന്നതയി പരാതി.സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് പരാതി നൽകിയതായാണ് വിവരം. പ്രചരണ സാമഗ്രികൾ ഒന്നും തന്നെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നില്ല.സ്ഥാനാർത്ഥിയുടെ ഇടപെടലിനെ തുടർന്നാണ് പോസ്റ്ററുകൾ എത്തിയത്.കൂടാതെ സ്ഥാനാർത്ഥി നേരിട്ടും പോസ്റ്ററുകൾ തയ്യാറാക്കി.എന്നാൽ ഇത് ജില്ലാ നേതൃത്വം ഇടപെട്ട് തടഞ്ഞതായി പരാതി ഉണ്ട്.പുതിയ പ്രിൻറിംഗ് ഓഡറുകൾ നൽകിയിട്ടുമില്ല. പ്രചാരണ രംഗത്ത് ആകെ അരക്ഷിതാവസ്ഥയാണന്ന് സ്ഥാനാർത്ഥി തന്നെ പരാതിപ്പെട്ടതായാണ് പുറത്ത് വരുന്ന വാർത്തകൾ.
മണ്ഡലത്തിൻ്റെ പല ഭാഗത്തും പോസ്റ്ററുകൾ ഇനിയും എത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അച്ചടിച്ച പോസ്റ്ററുകൾ ബി ജെ പി ജില്ലാ നേതൃത്വത്തിൻ്റെ ഉദാസീനത കാരണമാണ് കെട്ടി കിടക്കുന്നത് എന്നാണ് സംസ്ഥാന നേതൃത്വത്തോട് സ്ഥാനാർത്ഥി പരാതിപ്പെട്ടിട്ടുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡൻ്റ് ആയിരിക്കും സ്ഥാനാർത്ഥി എന്നായിരുന്നു ആദ്യം പുറത്ത് വന്ന ധാരണ.എന്നാൽ ഇതിനെ വെട്ടിയാണ് പാർട്ടി നേതൃത്വം നടൻ കൂടിയായ ജി കൃഷ്ണകുമാറിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇതിലുള്ള അതൃപ്തിയാണ് പോസ്റ്ററുകൾ വിതരണത്തിന് നൽകാതെ കൂട്ടിയിട്ടിരിക്കുന്നതിന് പിന്നിലെന്നാണ് പുറത്ത് പാർട്ടിക്കാർ തന്നെ പറയുന്നത്.
ബിജെപി മത്സരിക്കുന്ന 14 മണ്ഡലങ്ങളിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുൻകാലങ്ങളിൽ ആർ എസ് എസ് സംയോജകൻന്മാരെ നിയമിക്കാറുണ്ടായിരുന്നു.ഇക്കുറി അത് വേണ്ടന്നായിരുന്നു തീരുമാനം. എന്നാൽ കൊല്ലത്ത് പ്രവർത്തനങ്ങളിൽ പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ നേതൃത്വത്തെ കൊണ്ട് പണിയെടുപ്പിക്കാനായി സംയോജകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Advertisement