ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് സ്‌കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) ആണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. കല്ല് അനന്തുവിന്റെ ദേഹത്ത് പതിക്കുകയും ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിംസ് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ്.

Advertisement