ഡബിള്‍ സെഞ്ച്വറിയടിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്… കുട്ടേട്ടനും കൂട്ടുകാരും പുതു ചരിത്രം സൃഷ്ടിക്കുന്നു

മലയാള സിനിമ ചരിത്രത്തില്‍ ഒരു ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. കുട്ടേട്ടനേയും സുഭാഷിനേയും ഗുണാകേവിനേയുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ് ഒരോ പ്രദര്‍ശന ശാലകളിലും.
സംവിധായകന്‍ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‌സുമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നാണ് രാജ്യമൊട്ടാകെയുള്ള അഭിപ്രായങ്ങള്‍. സൗഹൃദത്തിന് പ്രാധാന്യം നല്‍കിയ ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രം നേടുന്നത്. കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരിക്കുന്നു എന്നതാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്‍, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement