ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വച്ചുള്ള സംഘിയാരോപണത്തിന് മുസ്ലിം ലീഗ് അധ്യക്ഷനെ എത്തിച്ച് പ്രേമചന്ദ്രന്‍റെ മറുപടി

കൊല്ലം.എൻ കെ പ്രേമചന്ദ്രന് എതിരെയുള്ള ഇടതുപക്ഷത്തിൻ്റെ സംഘിയാരോപണത്തിന് മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ   കൺവെൻഷനിൽ ഉദ്ഘാടകനായി എത്തിച്ച് യുഡിഎഫിൻ്റെ മറുപടി. വിജയം ഉറപ്പിച്ചു കഴിഞ്ഞ സ്ഥാനാർത്ഥിയാണ് പ്രേമചന്ദ്രനെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഇടതു മുന്നണിയുടെ വ്യാജ പ്രചരണം ജനം തള്ളിക്കളയുമെന്ന് എൻ കെ പ്രേമചന്ദ്രൻ.


രണ്ട് തെരഞ്ഞെടുപ്പുകളിൽ  പരീക്ഷിച്ചു പരാജയപ്പെട്ട സംഘി ആരോപണo തന്നെയാണ് ഇത്തവണയും പ്രേമചന്ദ്രന് എതിരെ  ഇടതു മുന്നണി മുന്നോട്ട് വെക്കുന്നത്.  ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വച്ചുള്ള ഇടതു നീക്കം മനസിലാക്കിയ യു ഡി എഫ് ,  മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ പ്രേമചന്ദ്രൻ്റെ മണ്ഡലം കൺവെൻഷൻ്റെ ഉദ്ഘാടകനായി എത്തിച്ചാണ്  മറുപടി നൽകിയത്. പ്രേമചന്ദ്രൻ്റെ പാർലമെൻ്ററി മികവിനേയും പൊതു സ്വീകാര്യതയേയും പ്രശംസിച്ച സാദിഖലി ശിഹാബ് തങ്ങൾ
മികച്ച പാർലമെൻ്റേറിയനായ പ്രേമചന്ദ്രൻ്റെ വിജയം ഉറപ്പാണെന്നും പറഞ്ഞു.ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാകാതിരിക്കാൻ ലീഗ് സംസ്ഥാന നേതാക്കൾ തന്നെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തൻ്റെ രാഷ്ട്രീയ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതിലൂടെ ഭരണപരാജയം മറയ്ക്കാനാണ്  ഇടതുമുന്നണി ഇത്തരം വ്യാജ പ്രചരണം നടത്തുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രനും പറഞ്ഞു


മുകേഷ് എത്തിയതോടെ പരാജയഭീതിയിലാണ് യു ഡി എഫും, പ്രേമചന്ദ്രനുമെന്നാണ് ഇടതു മുന്നണിയുടെ വാദം. വിമർശനം വാനോളം ഉണ്ടാകുമ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ഇരുകൂട്ടരും പുലർത്തുന്നുണ്ട്

Advertisement