പിറന്നാൾ ദിനത്തിൽ പുതിയ ബൈക്ക് വാങ്ങാൻ ഷോറൂമിൽ എത്തി… അമ്മയെ ഷോറൂമിൽ ഇരുത്തിയ ശേഷം ടെസ്റ്റ് ഡ്രൈവിന് പോയി..ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചി.ടെസ്റ്റ് ഡ്രൈവിനിടെ ബൈക്ക് മെട്രോ തൂണിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ കാഥിനാഥ ദുരൈയുടെ മകന്‍ നിധിന്‍ നാഥനാണ് മരിച്ചത്. 22 വയസായിരുന്നു. ഇന്നലെ വൈറ്റില ജനതയിലെ ഷോറൂമില്‍ നിന്നും ബൈക്കുമായി ടെസ്റ്റ് ഡ്രൈവിനിറങ്ങിയതാണ്. ഇതിനിടെ വണ്ടി നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിക്കുകയായിരുന്നു. ഉടന്‍ വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിധിനെ രക്ഷിക്കാനായില്ല. 

പിറന്നാള്‍ സമ്മാനമായാണ് ബൈക്ക് വാങ്ങാനായി അമ്മയ്ക്കൊപ്പം നിധിന്‍ ഷോറൂമിലെത്തിയത്. 15നാണ് നിധിന്റെ 23ാം പിറന്നാള്‍. ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു പുത്തന്‍മോഡല്‍ ബൈക്ക് സ്വന്തമാക്കുക എന്നത്. അമ്മയ്ക്കൊപ്പം എത്തിയ നിധിന്‍ അമ്മയെ ഷോറൂമിലിരുത്തിയാണ് ടെസ്റ്റ് ഡ്രൈവിങ്ങിനായി എളംകുളം ഭാഗത്തേക്ക് പോയത്. ഇതിനിടെയാണ് 825ാം നമ്പര്‍ മെട്രോതൂണിലിടിച്ച് അപകടം സംഭവിക്കുന്നത്. 

കളമശേരിയിലെ വാഹനഷോറൂമില്‍ മെക്കാനിക്കാണ് നിധിന്‍. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മുട്ടിനകം സെന്റ്മേരീസ് പള്ളിയില് നടക്കും. ഒരു സഹോദരിയുണ്ട്.

Advertisement