ചവറയില്‍ കിടപ്പുമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൊബൈല്‍ ചാര്‍ജറില്‍ നിന്ന് ഷോക്കേറ്റു എന്ന് സംശയം

പെയിന്റിങ് കോണ്‍ട്രാക്ടറായിരുന്ന യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതില്‍ മുരളീധരന്റെയും വിലാസിനിയുടെയും മകന്‍ എം. ശ്രീകണ്ഠന്‍ (39) ആണ് മരിച്ചത്. ഉറക്കം ഉണരാന്‍ വൈകിയതിനെത്തുടര്‍ന്നു വീട്ടുകാര്‍ കിടപ്പുമുറിയില്‍ എത്തി നോക്കിയപ്പോള്‍ ശ്രീകണ്ഠനെ കട്ടിലില്‍ നിന്നു വീണു താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ശ്രീകണ്ഠന്‍ തെറിച്ചു വീണു മരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാലപ്പഴക്കം ചെന്നതിനെ തുടര്‍ന്ന് ചാര്‍ജര്‍ ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാര്‍ജര്‍ വയറിന്റെ ഒരുഭാഗം കരിഞ്ഞ നിലയിലുമായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കി. അതേസമയം മൊബൈല്‍ഫോണിനു തകരാര്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പെയിന്റിങ് കോണ്‍ട്രാക്ടറായിരുന്നു മരിച്ച ശ്രീകണ്ഠന്‍.

Advertisement