പന്നി ഇടിച്ചതോടെ ജീവന്‍ കൈയില്‍ പിടിച്ച് ഓടി, രക്ഷക്ക് കിണറിന് മുകളിലേക്ക് പിന്നീട് കാല്‍ തെറ്റി ആഴത്തിലേക്ക്, 22 മണിക്കൂറിന് ശേഷം തിരികെ ജീവിതത്തിലേക്ക്, എലിസബത്തിന് സംഭവിച്ചത്

അടൂര്‍. കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ കിണറ്റിൽ വീണ എലിസബത്ത് ആശുപത്രി വിട്ടു. കഴുത്തുവരെ വെള്ളത്തിൽ ഒരു ദിവസം കിടന്നതിനു ശേഷമാണ് എലിസബത്തിനെ കിണറിൽ നിന്ന് പുറത്തെടുക്കാൻ ആയത് .

പശുവിന് പുല്ലു പറിക്കുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെയാണ് പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെ കാട്ടുപന്നി ആക്രമിക്കുന്നത് .കാട്ടുപന്നിയുടെ ഇടിയേറ്റ വീട്ടമ്മ ഭയന്ന് കിണറിന് മുകളിലേക്ക് കയറുകയായിരുന്നു. ആള്‍ മറയില്‍ നിന്നെങ്കിലും പന്നി പിന്നെയും ആക്രമിക്കാന്‍ ചാടി. ഇതോടെ കിണര്‍ മൂടി ഗ്രില്ലിലേക്ക് ചവിട്ടി മാറിനില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ തുരുമ്പിച്ച ഗ്രില്‍ തകര്‍ന്ന് നേരെ വീണത് 50 അടി ആഴമുള്ള കിണറ്റിനുള്ളിലേക്ക് . വിളിച്ചു കൂവിയെങ്കിലും ആരും കേട്ടില്ല. തൊടിയില്‍ പിടിച്ചുനിന്നാണ് ഇവര്‍ രാത്രി കഴിച്ചത്.

രാത്രി വൈകിയെത്തിയ ഭർത്താവ് ബാബു തിരച്ചിൽ നടത്തിയെങ്കിലും എലിസബത്തിനെ കണ്ടെത്താനായിരുന്നില്ല . പിറ്റേദിവസം 11ന് പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലാണ് കിണറിനുള്ളിൽ കഴുത്തൊപ്പം വെള്ളത്തിൽ കിടക്കുന്ന എലിസബത്തിനെ കണ്ടത് .
അടൂർ പരുത്തിപ്പാറ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് എലിസബത്ത് തന്നെ കാണാൻ എത്തിയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനോട് പറഞ്ഞു .
കാട്ടുപന്നികളെ തുരത്താൻ ഉള്ള നടപടി സ്വീകരിക്കാൻ വനപാലകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാർ വ്യക്തമാക്കി ‘. കിണറ്റിൽ വീണെങ്കിലും കാര്യമായ പരുക്കുകൾ എലിസബത്തിന് പറ്റിയിട്ടില്ല .വിദഗ്ധ പരിശോധനയ്ക്കുശേഷം ഇവർ ഇന്ന് രാവിലെ ആശുപത്രി വിട്ടു

Advertisement