കോതമംഗലത്ത് നടന്ന പ്രതിഷേധം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടേയും മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും

കോതമംഗലം .കാട്ടാന ആക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി കോതമംഗലത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടേയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റേയും ഇടക്കാല ജാമ്യം തുടരും. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിലും പോലീസിന്റെ കസ്റ്റഡി അപേക്ഷയിലും നാളെ വിധി പറയും. അതേസമയം കോതമംഗലത്തെ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്.
വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ കോതമംഗലം രൂപതയും രംഗത്തെത്തി.

കോതമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് വാദം കേട്ടത്. ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. ജീവനും സ്വത്തിനും ഭീഷണി ആയപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതിഷേധം മാത്രമാണ് നടന്നതെന്നും പൊലീസ് മൃതദേഹം കൊണ്ട് പോയതിന് ശേഷം മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്ത് തരത്തിലുള്ള ഉപാധിയും അംഗീകരിക്കാമെന്നും പ്രതികള്‍ വ്യക്തമാക്കി.
എന്നാല്‍ ആശുപത്രി ആക്രമണ കേസില്‍ കസ്റ്റഡി അപേക്ഷ വച്ച പോലീസ് പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരെ പ്രതികള്‍ ഉപദ്രവിച്ചതായും ആശുപത്രി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാന്‍ നാളത്തേക്ക് മാറ്റി.

അതേസമയം കോതമംഗലത്തെ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്.
വന്യജീവി ആക്രമണത്തിൽ സർക്കാരിനെതിരെ കോതമംഗലം രൂപതയും രംഗത്തെത്തി. ഇതോടെ 9ന് ചേരുന്ന സര്‍വ്വകക്ഷിയോഗം നിര്‍ണ്ണായകമായിരിക്കുകയാണ്

Advertisement