ബൈക്കിൻ്റെ പുറകിൽ ഇടിച്ച ബസ്സിന്റെ ചിത്രം എടുത്തതിന് അഭിഭാഷകന് മർദ്ദനം

തൃശ്ശൂര്‍. ബൈക്കിൻ്റെ പുറകിൽ ഇടിച്ച ബസ്സിന്റെ ചിത്രം എടുത്തതിന് അഭിഭാഷകന് മർദ്ദനം. തൃശ്ശൂർ ജില്ലാ കോടതിയിലെ അഭിഭാഷകനായ മണികണ്ഠൻ ടി.എസ് മർദ്ദനമേറ്റത്. തൃശ്ശൂർ വടക്കേ സ്റ്റാൻഡിനു സമീപത്തുവച്ച് അമിതവേഗത്തിൽ എത്തിയ ബസ് മണികണ്ഠന്റെ ബൈക്കിനു പുറകിൽ ഇരിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം സഹോദരിയെ തൃശ്ശൂർ വടക്കേ സ്റ്റാൻഡിൽ വിട്ടതിനുശേഷം തിരികെ വരുന്നതിനിടയിൽ വടക്കേച്ചിറയിൽ വച്ചായിരുന്നു മർദ്ദനം. മണികണ്ഠൻ സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകിൽ തൃശ്ശൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന അവാഫി എന്ന ബസ് ഇടിച്ചു. കേസു കൊടുക്കുന്നതിനായി മണികണ്ഠൻ ബസിന്റെ ചിത്രം പകർത്തി. ഇതോടെ തൊട്ടു പിന്നിൽ വന്ന ബസ്സിലെ ജീവനക്കാരുൾപ്പെടെ ചേർന്ന് മണികണ്ഠനെ മർദ്ദിക്കുകയായിരുന്നു. ഇടിക്കട്ട കൊണ്ട് തലയ്ക്കു പുറകിലും മുഖത്തും ഇടിച്ചു. പരുക്കേറ്റ മണികണ്ഠൻ മർദ്ദിച്ചയാളുടെ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ മൊബൈൽഫോണും എറിഞ്ഞു പൊട്ടിച്ചു. പ്രതിഓട്ടോയിൽ കയറി രക്ഷപ്പെട്ടുവെന്ന് മണികണ്ഠൻ പറയുന്നു.

വരന്തരപ്പള്ളി സ്വദേശിയായ മണികണ്ഠൻ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ബസ് കസ്റ്റഡിയിൽ എടുക്കാനോ പ്രതികൾ കണ്ടെത്താനോ പോലീസിനായിട്ടില്ല. നിലവിൽ തൃശ്ശൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ള മണികണ്ഠൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ്. അഭിഭാഷകനെതിരായ മർദ്ദനത്തിൽ ബാർ അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തി.

Advertisement