‘നയപ്രഖ്യാപനം അടക്കം ഭരണഘടനാ ബാധ്യതകൾ നിറവേറ്റും’; സർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ നിലപാട് വ്യക്തമാക്കി ഗവർണർ

തിരുവനന്തപുരം: സർക്കാറുമായുള്ള കടുത്ത പോരിനിടെ നയപ്രഖ്യാപന പ്രസംഗം വായിക്കുമെന്ന് വ്യക്തമാക്കി ഗവർണർ. നയപ്രഖ്യാപനം അടക്കമുള്ള ഭരണഘടനാ ബാധ്യതകളെല്ലാം നിറവേറ്റുമെന്നും അതിലൊന്നും തർക്കമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പ്രതിഷേധത്തെതുടർന്ന് പൊലീസ് റൂട്ട് മാറ്റുന്നതും വിഷയമല്ല. എന്നാൽ, ഈ നാടകം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സർക്കാർ-ഗവർണ്ണർ ഏറ്റുമുട്ടലിനിടെ നയപ്രഖ്യാപന പ്രസംഗത്തിൽ എന്ത് സംഭവിക്കുമെന്നതായിരുന്നു ആകാംക്ഷ ഉയർന്നിരുന്നു. ഇക്കാര്യത്തിലാണിപ്പോൾ ഗവർണറുടെ പ്രതികരണത്തോടെ സംശയങ്ങൾ നീങ്ങിയത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാബാധ്യത നിറവേറ്റുമെന്ന് ഗവർണർ പറയുമ്പോഴും സർക്കാറിനെ വെട്ടിലാക്കാനുള്ള രാജ്ഭവൻ നീക്കങ്ങൾക്ക് ഇനിയും സാധ്യതകൾ ഏറെയാണ്. നയപ്രഖ്യാപന പ്രസംഗം പ്രസംഗം മുഴുവൻ വായിക്കാതിരിക്കാം.നയപ്രഖ്യാപനത്തിലെ കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഒഴിവാക്കാനുമാകും. പ്രസംഗത്തിന്റെ കരടിൽ വിശദീകരണം തേടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

അതേ സമയം ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഗവ‍ർണ്ണർ എത്തുന്ന ഒമ്പതിന് എൽഡിഎഫ് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.ഗവർണ്ണറെ നാറിയെന്ന് വിളിച്ച് സിപിഎം നേതാവ് എംഎം മണി അധിക്ഷേപിച്ച സംഭവും ഉണ്ടായി. തലസ്ഥാനത്ത് ഗവർണർക്കെതിരെ പ്രതിഷേധിക്കാൻ കാത്തിരിന്ന എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത് സംഘർഷത്തിൽ കലാശിച്ചു. പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് ഭൂമിപതിവ് നിയമഭേദഗതി ബില്ലിൽ തീരുമാനമെടുക്കാത്തതെന്നാണ് രാജ്ഭവൻ വിശദീകരണം. ഇടുക്കിയിലെ പരിപാടി ഗവർണ്ണർ മാറ്റിയിട്ടില്ല. ഇനി സന്ദർശനത്തിനിടെ പ്രതിഷേധമുണ്ടാകുമോ എന്നതാണ് അറിയേണ്ടത്.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ഗവർണർക്കെതിരെ പ്രതിഷേധിക്കാനിരുന്ന എസ്എഫ്ഐ പ്രവർത്തകരെ പട്ടത്ത് വെച്ച് പൊലീസ് മുൻകൂട്ടി കസ്റ്റഡിയിലെടുത്തു. പൊലീസുംപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

Advertisement