പരസ്യ മദ്യപാനം തടഞ്ഞതിന് ഗൃഹനാഥനെ റോഡിലിട്ട് അക്രമിച്ച സംഭവത്തില്‍ ആറ് യുവാക്കൾ കൂടി അറസ്റ്റിലായി

Advertisement

തൃശൂർ. പുലക്കാട്ടുക്കരയിൽ പരസ്യ മദ്യപാനം തടഞ്ഞതിന് ഗൃഹനാഥനെ റോഡിലിട്ട് അക്രമിച്ച സംഭവത്തില്‍ ആറ് യുവാക്കൾ കൂടി അറസ്റ്റിലായി. തലോര്‍ സ്വദേശി റോമുലസ് ഇന്നലെ പിടിയിലായിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.


തൃശൂർ കോനിക്കര , തലോർ സ്വദേശികളായ ആഷിഖ്, ജിത്തു , അമൽ , ഗോകുൽ , അതുൽ , സൂരജ് എന്നിവരാണ് പിടിയിലായത് . ചാലക്കുടി ഡി.വെ.എസ്.പി ടിഎസ് സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പതിനാലംഗ സംഘമാണ് അക്രമം നടത്തിയത്
സംഘത്തിലെ 7 പേരെ കൂടി പിടികൂടാനുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പുലക്കാട്ടുകര സ്വദേശി ഓംപുള്ളി വീട്ടില്‍ 35 വയസുള്ള ബിനുവിനെയാണ് 14 പേരടങ്ങുന്ന സംഘം റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്.
മണലി പുഴയുടെ കടവില്‍ കുളിക്കാനെത്തിയതായിരുന്നു ബിനുവും മകളും. ഈ സമയത്ത് പ്രദേശത്തെ ഉത്സവത്തിന് ബന്ധുവീട്ടിലേക്ക് എത്തിയ ഒരു സംഘം പുഴക്കവില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതു കണ്ട ബിനു
പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തിരുന്നു. ഇതോടെ സംഘവും ബിനുവുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ബിനുവും മകളും വീട്ടിലേയ്ക്ക് മടങ്ങി.
ഇതിന്റെ വൈരാഗ്യത്തിലാണ് സംഘം രാത്രിയില്‍ ബിനുവിന്റെ വീട്ടിലെത്തി അക്രമം നടത്തിയത്. വീട്ടില്‍ നിന്നും വിളിച്ചിറക്കിയ സംഘം ബിനുവിനെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.ബോധരഹിതനായി താഴെ വീണ ബിനുവിനെ സംഘാംഗങ്ങള്‍ ചേര്‍ന്ന് തലയിലും നെഞ്ചിലും മുഖത്തും ഷൂസ് ധരിച്ച കാലുകൊണ്ട് നിഷ്‌കരുണം പലതവണ ചവിട്ടുകയായിരുന്നു. ആക്രമിക്കുന്നതുകണ്ട് നാട്ടുകാര്‍ ഓടിയെത്തുന്നതിനുമുന്‍പ് സംഘം കടന്നുകളഞ്ഞു.സാരമായി പരുക്കേറ്റ ബിനുവിനെ ആദ്യം പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Advertisement