വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളില്‍ എത്തി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി പണംതട്ടുന്ന ആള്‍ മൂന്നാംഭാര്യയുടെ വീട്ടില്‍വെച്ച് പിടിയിലായി

വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളില്‍ എത്തി വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണംതട്ടിയ ആള്‍ പിടിയിലായി. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസര്‍ (കിങ്ങിണി നാസറിനെ -44) നെയാണ് കാളികാവ് പൊലീസ് പിടികൂടിയത്. ചോക്കാട് മാളിയേക്കല്‍ സ്വദേശിനിയുടെ മൂന്നു പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത് മുങ്ങി എന്ന പരാതിയിലാണ് നാസറിനെ അറസ്റ്റുചെയ്തത്.
പെണ്ണു കണ്ടശേഷം പിന്നീട് ഇവരുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങും. മാളിയേക്കലിലെ യുവതിയുടെ കൈവശമുണ്ടായിരുന്ന മൂന്നുപവന്‍ മാലയാണ് നാസര്‍ കൈക്കലാക്കിയത്. നിക്കാഹ് ദിനത്തില്‍ അഞ്ചുപവന്‍ ആഭരണമാക്കി കൊണ്ടുവരാം എന്നു പറഞ്ഞ് കടന്നുകളയുകയായിരുന്നു.
സ്ത്രീകളെ കബളിപ്പിച്ച് ആഭരണം കൈക്കലാക്കുന്നതിനു പുറമെ പണയസ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളിലും പ്രതി തട്ടിപ്പു നടത്തിയിട്ടുണ്ട്. നിലവില്‍ പയ്യന്നൂര്‍, പട്ടാമ്പി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി മൂന്നു ഭാര്യമാരും ഒമ്പതു മക്കളുമുണ്ട്. കരുവാരക്കുണ്ടിലുള്ള മൂന്നാംഭാര്യയുടെ വീട്ടില്‍വെച്ചാണ് പ്രതി പിടിയിലായത്. മാനഹാനി ഭയന്ന് പലരും പരാതി നല്‍കാന്‍ മടിക്കുന്നതാണ് ഇയാള്‍ തട്ടിപ്പ് തുടരാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

Advertisement