വാർത്താനോട്ടം

Advertisement

2023 ഡിസംബർ 22 വെളളി

BREAKING NEWS

👉രാഹുൽ ഗാന്ധിക്കെതിരായ നടപടി കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

👉 നവകേരള സദസ്സുമായി ബന്ധപ്പെട്ട കരിങ്കൊടി പ്രതിഷേധങ്ങൾ വീടുകയറി ആക്രമണത്തിലേക്ക്

🌴കേരളീയം🌴

🙏കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലെ നടപടികള്‍ക്കെതിരേ യുഡിഎഫ് സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കി. വൈസ് ചാന്‍സലര്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയില്ലെന്നും ഏകാധിപത്യ രീതിയിലാണു യോഗം നിയന്ത്രിച്ചതെന്നും പരാതിയില്‍ പറയുന്നു. സെനറ്റ് ഹൗസിന്റെ സുരക്ഷാ ചുമതല എസ്എഫ്ഐക്കു നല്‍കിയെന്നും ഗവര്‍ണറുടെ നോമിനികളെ അവര്‍ തടഞ്ഞെന്നും പരാതിപ്പെട്ടിട്ടുണ്ട്.

🙏തിരുവനന്തപുരം വെഞ്ഞാറമൂടില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസിനു കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്ന കോണ്‍ഗ്രസ് നേതാക്കളെ സ്റ്റേഷന്‍ കാമ്പസില്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. കോണ്‍ഗ്രസ് വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു എസ് നായര്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.

🙏നവകേരള സദസ് ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടി അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടി എല്ലാവരേയും കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാടിന്റെ വികസനമെന്ന വിശാല താത്പര്യമാണു ലക്ഷ്യം. പരിപാടി ബഹിഷ്‌കരിച്ചവര്‍ നാടിനെതിരായ സമീപനമാണു സ്വീകരിച്ചത്. പിണറായി പറഞ്ഞു.

🙏എസ്എഫ്ഐ സമരത്തെ താലോലിച്ച പിണറായി പൊലീസ് യൂത്ത് കോണ്‍ഗ്രസുകാരുടെ തലയടിച്ച് പൊട്ടിക്കുന്നതും പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ച് കീറുന്നതും കേരളം കാണുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പൊലീസ് പൊലീസിന്റെ പണി എടുത്താല്‍ അംഗീകരിക്കും. പാര്‍ട്ടി ഗുണ്ടകളുടെ പണി എടുത്താല്‍ പ്രതിരോധിക്കുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

🙏പിണറായി സര്‍ക്കാര്‍ 2026 വരെ മുന്നോട്ട് പോകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 99 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ല. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത സെനറ്റില്‍ ഒരു മാറ്റവും വരില്ല. കേന്ദ്ര സേനയെ ഇറക്കിയും പിണറായി സര്‍ക്കാരിനെ പിരിച്ചു വിട്ടിട്ടാണെങ്കിലും സര്‍വകലാശാലയില്‍ സെനറ്റ് യോഗം ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🙏ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു.

🙏എറണാകുളം കളമശ്ശേരിയിലെ സ്ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമക്കു വിട്ടുനല്‍കണമെന്നു ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ ഹാളില്‍നിന്നു രണ്ടുദിവസത്തിനകം വീണ്ടും സാമ്പിളുകള്‍ ശേഖരിക്കാം. പൊലീസിന്റെ കസ്റ്റഡിയിലാണ് കണ്‍വന്‍ഷന്‍ സെന്റര്‍.

🙏കൊല്ലം പത്തനാപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്കു പാഞ്ഞ് കയറി. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനാപുരം നെടുംപറമ്പിലാണ് സംഭവം. കായംകുളത്തുനിന്ന് പുനലൂരിലേക്കു സര്‍വീസ് നടത്തിയ ബസ്സാണ് അപകടത്തില്‍ പെട്ടത്.

🙏വയനാട്ടില്‍നിന്ന് പിടിയിലായ കടുവയെ തൃശൂരില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ കടുവയുടെ വായിലെ മുറിവ് തുന്നിക്കെട്ടിയെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഐ എഫ് എസ് അറിയിച്ചു.

🙏ക്രിസ്മസ് ആഘോഷത്തിനിടെ പന്തളം എന്‍ എസ് എസ് കോളേജില്‍ എസ്എഫ്ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഏതാനും പേര്‍ക്കു പരിക്കേറ്റു.

🙏നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി. പണിയെടുക്കുന്നവര്‍ക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയെന്ന പരാമര്‍ശത്തിനെതിരേയാണ് സാമൂഹ്യപ്രവര്‍ത്തക ധന്യാരാമന്‍ പരാതിനല്‍കിയത്.

🙏ഭിന്നശേഷിക്കാരിയായ എട്ടു വയസുള്ള മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌ക ആണ് കൊല്ലപ്പെട്ടത്. അമ്മ മിനി ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

🇳🇪 ദേശീയം 🇳🇪

🙏ഇന്നുകൂടി ചേരാനിരുന്ന ലോക്സഭ സര്‍ക്കാരിന്റെ എല്ലാ ബില്ലുകളും ഇന്നലെ പാസായതോടെ ഒരു ദിവസം മുമ്പെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇന്നലെ ലോക്സഭയില്‍ മൂന്നു പേരെകൂടി സസ്പെന്‍ഡു ചെയ്തു. ഇതോടെ ലോകസഭയില്‍ സസ്പെന്‍ഷനിലായ എംപിമാരുടെ എണ്ണം നൂറായി. ഇരു സഭകളിലുമായി സസ്പെന്‍ഷനിലായവരുടെ എണ്ണം 146 ആണ്.

🙏രാജ്യസുരക്ഷയ്ക്കായി ഫോണുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന ടെലികോം ബില്‍ പാര്‍ലമെന്റ് പാസാക്കി. ഒരാള്‍ക്കു പരമാവധി കൈവശം വയ്ക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണം ഒമ്പതാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

🙏പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിനു കൈമാറി. പാര്‍ലമെന്റില്‍ പുകയാക്രമണം നടത്തിയ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ സുരക്ഷാ ചുമതല ഏല്‍പിച്ചത്. നേരത്തെ ഡല്‍ഹി പോലീസിനായിരുന്നു സുരക്ഷാ ചുമതല.

🙏റോഡുകളില്‍ ടോള്‍ പ്ലാസകള്‍ക്കും ഫാസ്ടാഗുകള്‍ക്കും പകരം ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. റോഡ് ഉപയോഗിക്കുന്നതിനനുസരിച്ച് ടോള്‍ തുക നല്‍കുന്ന രീതിയാകും നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

🙏അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് സ്വീകരിച്ചു. സോണിയ ഗാന്ധി നേരിട്ടോ കോണ്‍ഗ്രസ് പ്രതിനിധി സംഘമോ ചടങ്ങിനെത്തുമെന്ന് എഐസിസി അറിയിച്ചു.

🙏വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവും 50 ലക്ഷം രൂപ വീതം പിഴയും മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചെങ്കിലും പൊന്മുടി മന്ത്രിസ്ഥാനം രാജിവയ്ക്കില്ല. രണ്ടു വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ചതിനാല്‍ പൊന്മുടി എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടു. പൊന്മുടിയുടെ വകുപ്പുകള്‍ രണ്ടു മന്ത്രിമാര്‍ക്കു കൈമാറി ഗവര്‍ണര്‍ ഉത്തരവിറക്കി.

🙏രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോറ്റതിന് സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിശിത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി. നേതാക്കള്‍ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുകയും എഐസിസിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

🙏ജമ്മുകാഷ്മീരിലെ രജൗരിയില്‍ സൈനിക വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രിയിലും ഏറ്റുമുട്ടല്‍ തുടര്‍ന്നു.

🇦🇺അന്തർദ്ദേശീയം🇦🇽

🙏ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സര്‍വകലാശാലയില്‍ അക്രമി നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. വെടിയേറ്റ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏യുകെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. 23 വയസുകാരന്‍ ഗുരഷ്മാന്‍ സിങ് ഭാട്ടിയയുടെ മൃതദേഹമാണ് ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിലുള്ള തടാകത്തിനരികില്‍ കണ്ടെത്തിയത്.

കായികം🏏

🙏ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ പാനല്‍ വിജയിച്ചതോടെ ഗുസ്തിയില്‍നിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ച് ഗുസ്തി താരം സാക്ഷി മാലിക്. വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്തുവച്ച് സാക്ഷി മാലിക് ഇറങ്ങിപ്പോയി.

🙏മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിന്റെ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 78 റണ്‍സിന്റെ വിജയം, ഒപ്പം പരമ്പര വിജയവും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 108 റണ്‍സ് നേടിയ സഞ്ജു സാംസണിന്റേയും 52 റണ്‍സ് നേടിയ തിലക് വര്‍മയുടേയും മികവില്‍ 8 വിക്കറ്റിന് 296 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസനാണ് കളിയിലെ താരം. അര്‍ഷ്ദീപ് സിംഗാണ് പരമ്പരയിലെ താരം.

🙏സഞ്ജു സാംസണിന്റെ സെഞ്ച്വറി നേട്ടത്തില്‍ അഭിമാനം കൊണ്ട് കേരളം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു മലയാളി ക്രിക്കറ്ററും ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ല. മൂന്ന് സിക്‌സറും ആറ് ഫോറുമടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. നിര്‍ണായകമായ മത്സരത്തില്‍, ബാറ്റിംഗിന് അനുകൂലമല്ലാത്തൊരു പിച്ചിലാണ് സഞ്ജുവിന്റെ സെഞ്ച്വറിയെന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.

Advertisement