2011 ന് ശേഷം ജനിച്ചവർ എൻഡോസൾഫാൻ ദുരിത ബാധിതരിൽ ഉൾപ്പെടില്ലെന്ന് ആരോഗ്യ വകുപ്പ് ഉത്തരവ്, പ്രതിഷേധം

കാസർകോട് : എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ 2011 ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന് ആരോഗ്യ വകുപ്പിൻറെ ഉത്തരവ്. ഇതോടെ പ്രതിഷേധവുമായി കാസർകോട് ജില്ലയിലെ ദുരിത ബാധിതർ രംഗത്തെത്തി.

2011 ഒക്ടോബറിന് ശേഷം ജനിച്ചവർ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ഉൽപ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. 2005 ഒക്ടോബർ 25 നാണ് കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്. എൻഡോസൾഫാൻ ആഘാതം ആറ് വർഷം മാത്രമേ നിലനിൽക്കൂ എന്ന പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.

ഇതോടെ 6728 പേരുടെ പട്ടികയിൽ നിന്ന് ആയിരത്തിലേറെ കുട്ടികൾ പുറത്താകും. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണിവർ. സർക്കാറിൻറെ മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. 2011 ന് ശേഷവും ഒട്ടേറെ കുഞ്ഞുങ്ങൾ ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ആരോഗ്യ വകുപ്പിൻറെ ഇത്തരമൊരു ഉത്തരവിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർ പറയുന്നത്. ഉത്തരവ് എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

Advertisement