വാർത്താനോട്ടം

Advertisement

2023 നവംബര്‍ 19 ഞായർ

🌴കേരളീയം🌴

🙏നവകേരള സദസ് ഇന്ന് രണ്ടാം ദിനത്തിലേക്ക് . ഇന്നലെ മഞ്ചേശ്വരം പൈവളിഗയില്‍ പ്രൗഡോജ്വലമായ തുടക്കമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ 57,000 കോടി രൂപയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

🙏നാഷണല്‍ പെര്‍മിറ്റുമായി അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തിയ റോബിന്‍ മോട്ടോഴ്സിന്റെ റോബിന്‍ ബസിനു വഴി നീളെ പിഴ ചുമത്തി കേരളവും തമിഴ്നാടും. കോയമ്പത്തൂരിലേക്കു സര്‍വീസ് നടത്തിയ ബസിനു കേരള മോട്ടോര്‍ വാഹന വകുപ്പു നാലിടത്തായി മുപ്പതിനായിരം രൂപയാണു പിഴ ചുമത്തിയത്. തമിഴ്നാട്ടിലേക്കു പ്രവേശിച്ചതോടെ അവര്‍ ചുമത്തിയത് 70,410 രൂപയുടെ പിഴ.

🙏റോബിന്‍ ബസിനെ തുരത്താന്‍ പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വീസ് ആരംഭിക്കും. ഇന്നു മുതല്‍ നാലരക്ക് എസി ലോ ഫ്ളോര്‍ ബസ് ഓടിക്കാനാണു തീരുമാനം.

🙏സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളില്‍നിന്ന് പലിശരഹിത വായ്പ വാങ്ങാന്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള വിവാദ ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പിന്‍വലിച്ചു.

🙏കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം സ്വീകരിച്ചതിനെതിരേ എം.കെ മുനീറും. പിണറായിയുടെ ആലയില്‍ കെട്ടാനുള്ള പശുവല്ല ലീഗെന്ന് എം.കെ മുനീര്‍ പ്രതികരിച്ചു. ഒരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ല. മുസ്ലീം ലീഗ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.

🙏ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം വടക്കന്‍ ത്രിപുരക്കു മുകളില്‍ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏ചലച്ചിത്രതാരം വിനോദ് തോമസിനെ കോട്ടയം പാമ്പാടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗില്‍ വൈകുന്നേരം അഞ്ചരയോടെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ച്ചയായി കാറിലെ എസി പ്രവര്‍ത്തിപ്പിച്ചതുമൂലം വമിച്ച വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

🙏ആലപ്പുഴയില്‍ കൃഷ്ണപിള്ള സ്മാരകം തീവച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന പി. സാബുവിനെ സിപിഎം തിരിച്ചെടുത്തു. തെളിവില്ലെന്നുകണ്ട് കോടതി കേസിലെ അഞ്ചു പ്രതികളെയും വെറുതെ വിട്ടിരുന്നു.

🙏വായ്പാ ബാധ്യതമൂലം വയനാട്ടില്‍ ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ചു. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസ് ആണ് മരിച്ചത്. മകന്റെ വിദ്യാഭ്യാസ വായ്പ, കുടുംബശ്രീ അംഗങ്ങളില്‍നിന്നുള്ള വായ്പ, എന്നിവയ്ക്കുപുറമേ, മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍നിന്നു നോട്ടീസും ലഭിച്ചിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുളള ദൗത്യം നീളുന്നു. തുരങ്കത്തിന്റെ മുകളില്‍നിന്ന് താഴേക്ക് കുഴിച്ചു വഴിയൊരുക്കാനാണ് പുതിയ നീക്കം. ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെയാണു രക്ഷാദൗത്യം പ്രതിസന്ധിയിലായത്.

🙏പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കുമെന്നതടക്കം തെലങ്കാനയില്‍ വന്‍ വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടന പത്രിക കേന്ദ്രമന്ത്രി അമിത് ഷാ പുറത്തിറക്കി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും സ്ത്രീകള്‍ക്കു പത്തു ലക്ഷം തൊഴില്‍ അവസരം ഉണ്ടാക്കുമെന്നും ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ട്.

🇦🇽 അന്തർദേശീയം 🇦🇴

🙏ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളില്‍ 102 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ജബലിയില്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സി നടത്തുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ 19 കുട്ടികളടക്കം അമ്പതു പേരാണു കൊല്ലപ്പെട്ടത്.

🙏ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ പലസ്തീന്‍ പൗരന്മാരുമായുള്ള ആദ്യ വിമാനം യുഎഇയിലെത്തി. ഒമ്പതു കുട്ടികള്‍, അവരുടെ കുടുംബം, ഗര്‍ഭിണിയായ സ്ത്രീ, മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെ 52 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ചികില്‍സയ്ക്കായി ആശുപത്രികളിലേക്കു മാറ്റി.

🙏മാലിദ്വീപില്‍ ഇന്ത്യന്‍ സൈനികസാന്നിധ്യം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യക്കെതിരേ പ്രചാരണം നടത്തിയാണ് മുഹമ്മദ് മുയിസു തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ചൈനീസ് തന്ത്രമാണെന്നാണു വിലയിരുത്തുന്നത്.

🙏സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ് ബഹിരാകാശത്ത് എത്തിയശേഷം റോക്കറ്റ് പൊട്ടിത്തെറിച്ചു. റോക്കറ്റിലെ ഫ്ളൈറ്റ് ടെര്‍മിനേഷന്‍ സിസ്റ്റം തന്നെ റോക്കറ്റിനെ നശിപ്പിക്കുകയായിരുന്നു. പരീക്ഷണം 85 ശതമാനം വിജയമാണെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു.

🏏 കായികം 🏏

🙏ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യയുടെ ചുണ്ടിനരികെ. ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ ഇന്നു രണ്ടിന് ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും അടക്കം ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം കാണികളെ സാക്ഷിനിര്‍ത്തിയാണു മല്‍സരം.

🙏ക്രിക്കറ്റ് ലോകം ആവേശതിമിര്‍പ്പില്‍. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ മികച്ച ഫോമിലുള്ളതാണ് ഈ പ്രതീക്ഷകള്‍ക്കു കാരണം.

🙏 ഇന്ത്യ മൂന്നാം ഏകദിന ലോകകപ്പ് തേടുമ്പോള്‍ ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ബുദ്ധിമുട്ടുമെന്നാണ് ക്യൂറേറ്ററുടെ പ്രവചനം. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 ലേറെ സ്‌കോര്‍ ചെയ്യുന്ന പിച്ചാണ്. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കും.

Advertisement