വാർത്താനോട്ടം

Advertisement

2023 നവംബർ 17 വെള്ളി

BREAKING NEWS

👉ഒരു മാസത്തെ ക്ഷേപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

👉ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവ് മുനീറിനെ തിരെ കേസ്സെടുത്തു.

👉 വ്യാജ പ്രചരണങ്ങൾക്കെതിരെ
മറിയക്കുട്ടി ഇന്ന് കോടതിയിലേക്ക്,

👉 മധ്യപ്രദേശിലെ 230 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്‌

👉സി പി എം മലപ്പുറത്ത് ഇന്ന് സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യറാലി പിബി അംഗം എ വിജയ രാഘവൻ ഉദ്ഘാടനം ചെയ്യും.

🌴 കേരളീയം 🌴

🙏ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്ന് നല്‍കുമെന്ന് സര്‍ക്കാരിനോട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. 2021 മുതലുള്ള കുടിശ്ശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കണമെന്നും ഡിസംബര്‍ 11നകം അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.

🙏തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന് മികച്ച സിബില്‍ സ്‌കോര്‍ ഉണ്ടായിരുന്നെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം നടത്തിയ വി ഡി സതീശനും വി മുരളീധരനും മാപ്പ് പറയണമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. 2022-2023 ല്‍ സംഭരിച്ച നെല്ലിന് 644 കോടി രൂപ കേന്ദ്രം തരാനുണ്ടെന്നും 2023-2024 ല്‍ കിട്ടേണ്ട 792 കോടി രൂപ കുടിശ്ശികയുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞതെല്ലാം തെറ്റാണെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🙏സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സമിതി. പരമാവധി പണം പിരിച്ചെടുക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് സമിതിക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലുള്ളത്. ഫണ്ട് കുറവ് മൂലം ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്ന് വിശദീകരിക്കുമ്പോഴും പദ്ധതിയില്‍ നിന്നും സര്‍ക്കാരിന്റെ പിന്മാറ്റമാണോ എന്ന സംശയം പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നു.

🙏നവകേരള സദസിനായി തയ്യാറാക്കുന്ന ആഢംബര ബസ് അസറ്റ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വലിയ പണച്ചെലവ് ഒഴിവാക്കാനാണ് ബസ് നിര്‍മിച്ചതെന്നും യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങള്‍ക്കും ഈ വാഹനം ഉപയോഗിക്കാന്‍ കഴിയുമെന്നും ജയരാജന്‍ പറഞ്ഞു.

🙏കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ മരണം ആറായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപന്റെ മകന്‍ പ്രവീണ്‍ പ്രദീപാണ് (24) ഇന്നലെ രാത്രി മരിച്ചത്. സ്ഫോടനത്തില്‍ പൊള്ളലേറ്റ് പ്രവീണിന്റെ അമ്മ റീന ജോസ് (സാലി-45), സഹോദരി ലിബ്‌ന (12) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.

🙏ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയാണ് നടപടി. ഹസീന മുനീറിന്റെ ഭര്‍ത്താവ് മുനീര്‍ ആയിരുന്നു പണം തട്ടിയത്. ഹസീനയ്ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ ഹസീന മുനീറിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്.

🙏ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച നടപടി അതീവ ക്രൂരവും ഞെട്ടല്‍ ഉളവാക്കുന്നതുമാണെന്ന് മന്ത്രി പി രാജീവ്. പണം തട്ടിയെടുത്ത നടപടിയെ ഈ നാട് അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

🙏ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി ലോകോത്തര സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതില്‍ പങ്കാളികളാകാന്‍ നിക്ഷേപകരോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനില്‍ നിന്ന് രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ കേന്ദ്രമായി മാറാന്‍ കേരളം ഒരുങ്ങുകയാണെന്നും കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

🙏ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ 15116.65 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ഞൂറോളം നിക്ഷേപകരും സംരംഭകരുമാണ് ടൂറിസം മേഖലയ്ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്. 46 സ്റ്റാര്‍ട്ടപ്പുകളും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ നിന്ന് 118 സംരംഭകരും സംഗമത്തിലെത്തി. സ്വകാര്യമേഖലയിലുള്ള 52 പദ്ധതികളും സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 23 പദ്ധതികളും സംഗമത്തില്‍ അവതരിപ്പിച്ചു.

🙏അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് റൂള്‍സ് ദുര്‍വ്യാഖ്യാനിച്ച് കോണ്‍ട്രാക്ട് ക്യാരിയേജ് ബസുകള്‍ സ്റ്റേജ് ക്യാരിയേജായി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. ടൂറിസം വികസനത്തിനായി നല്‍കുന്ന അഖിലേന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ നവമാധ്യമങ്ങളിലൂടെ റൂട്ടും സമയവും സംബന്ധിച്ച പരസ്യം നല്‍കി സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

🙏ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമെന്ന് സംഘാടക സമിതി യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നത്.

🙏നൂറനാട്ടെ മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കിയതായി മന്ത്രി പി പ്രസാദ്. മണ്ണെടുക്കുന്നതിന് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നൂറനാട്ടെ പൊലീസ് അതിക്രമം അന്വേഷിക്കാന്‍ എസ് പി യെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

🙏ഇനി ശരണം വിളിയുടെ നാളുകള്‍. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ഇത്തവണയും വെര്‍ച്ചല്‍ ക്യൂ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കുക. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ടാഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

🙏തൃശൂര്‍ തിരുവില്വാമല പട്ടി പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പറമ്പില്‍ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു സംഭവം.

🇳🇪 ദേശീയം 🇳🇪

🙏പ്രാര്‍ത്ഥനകളോടെ ലോകം. ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 40 മനുഷ്യ ജീവനുകള്‍ക്കായുള്ള രക്ഷാ ദൗത്യം തുടരുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ കുഴല്‍ വഴി മരുന്നുകള്‍ എത്തിച്ചു നല്‍കി. തൊഴിലാളികളുമായി ഡോക്ടര്‍മാര്‍ സംസാരിച്ചു. ദില്ലിയില്‍ നിന്ന് വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിലായി എത്തിച്ച ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ദൗത്യത്തിന് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.

🙏ദില്ലിയില്‍ വായു ഗുണനിലവാരം തോത് നാനൂറിനടുത്ത്. ദീപാവലിയ്ക്ക് ശേഷം തുടര്‍ച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി സര്‍ക്കാര്‍. കൃത്രിമ മഴ പെയ്യിക്കുന്നതും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്കും സര്‍ക്കാര്‍ നീങ്ങുമെന്നാണ് സൂചന.

🏏🥍കായികം🏸🏑

🙏പ്രഥമ ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കം. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്യൂബന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കള്‍ നീക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെസ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

🙏ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ കുവൈത്തിനെതിരെ ഇന്ത്യക്ക് മിന്നും വിജയം. ഗ്രൂപ്പ് എയിലെ ടീമുകളുടെ ആദ്യ മത്സരത്തില്‍ 75-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് നേടിയ ഒരു ഗോളിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

🙏2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് തകര്‍ത്തു.

🙏 ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 213 റണ്‍സ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയുടെ മുന്‍നിര അവിശ്വസനീയമായി തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറിയുമായി പൊരുതിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ ബാറ്റര്‍മാരെ കാര്യമായി പരീക്ഷിച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. പലപ്പോഴും പരാജയം മുന്നില്‍ കണ്ട ഓസീസ് ഒടുവില്‍ മൂന്ന് വിക്കറ്റിനാണ് ലക്ഷ്യത്തിലെത്തിയത്. 62 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റെ മികവാണ് ഓസീസിനെ നിര്‍ണായകമായത്.

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഒരിക്കല്‍ കൂടി ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടം. 2003 ലോകകപ്പിലെ ഫൈനലിന് ശേഷം നവംബര്‍ 19-ാം തീയതി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യ – ഓസ്ട്രേലിയ ഫൈനല്‍. ഏകദിന ലോകകപ്പില്‍ ഓസീസിന്റെ എട്ടാം ഫൈനലാണിത്.

🙏അഞ്ചു തവണ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് കിരീടം വിജയിച്ചിട്ടുണ്ട്. 1987,1999, 2003, 2007, 2015 വര്‍ഷങ്ങളിലായിരുന്നു ഇത്. ഇന്ത്യയുടെ നാലാം ഫൈനലാണിത്. 1983, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടി. 2023 ല്‍ കപ്പുയര്‍ത്തുന്നത് ആരായിരിക്കുമെന്ന ചോദ്യത്തിന് നവംബര്‍ 19, ഞായറാഴ്ച വരെ നമുക്ക് കാത്തിരിക്കാം.

🙏ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, സെമിഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമിയുടെ പ്രകടനം തലമുറകള്‍ ഓര്‍ത്തുവെക്കുമെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു. അസാമാന്യ പ്രകടനങ്ങളോടെയാണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും ബാറ്റിംഗിലും ബൗളിംഗിലും മികച്ചു നിന്ന ഇന്ത്യ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.

Advertisement