തീവ്രമഴയെത്തുടർന്നുള്ള പ്രളയം: കഴക്കൂട്ടം സബ്‌സ്റ്റേഷനിൽ വെള്ളം കയറി; പ്രവർത്തനം തടസ്സപ്പെട്ടു

Advertisement

തിരുവനന്തപുരം: തീവ്രമഴയെത്തുടർന്നുള്ള പ്രളയത്തിൽ കഴക്കൂട്ടം സബ്‌സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതൽ ആരംഭിച്ച കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷനു സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ്‌സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.

സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള, യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. തത്ഫലമായി, ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മറ്റു മാർഗ്ഗങ്ങളിലൂടെ ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ജലവിതാനം ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ കഴക്കൂട്ടം 110 കെ വി സബ്‌സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ് സമാഗതമാകുന്നത്. അത്തരം സാഹചര്യത്തിൽ കഴക്കുട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങാനിടയുണ്ട്. കൂടാതെ കഴക്കൂട്ടം സബ്‌സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ,വേളി എന്നീ സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനവും പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമുണ്ട്.

Advertisement