മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: സുരേന്ദ്രൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

Advertisement

കാസർകോട്:
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായേ പറ്റൂവെന്ന് കോടതി. കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഹാജരാകണമെന്ന് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. കേസിൽ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി ഈ മാസം 25ന് പരിഗണിക്കും.

കേസിൽ വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രന്റെ അഭിഭാഷകർ വാദിച്ചു. പ്രതികൾ ഒരിക്കൽ പോലും കോടതിയിൽ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകൾ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തിൽ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനിൽക്കില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂറും വാദിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്.

Advertisement