ലക്ഷങ്ങൾ മുടക്കി നിർമ്മാണം, കൊല്ലത്തെ ശലഭ ഉദ്യാനം ‘പ്യൂപ്പ’യ്ക്കുള്ളിൽ; പണി മുടങ്ങി പാതി വഴിയിൽ ഉപേക്ഷിച്ചു

Advertisement

കൊല്ലം: ലക്ഷങ്ങൾ മുടക്കി കൊല്ലം നഗരത്തിൽ നിർമ്മാണം തുടങ്ങിയ ശലഭ ഉദ്യാനം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ചിത്ര ശലങ്ങൾക്ക് വേണ്ടി തുടങ്ങിയൊരു ഉദ്യാനത്തെ പ്യൂപ്പക്കുള്ളിൽ തളച്ചിരിക്കുകയാണ് കൊല്ലം കോർപ്പറേഷനും ജൈവവൈവിധ്യ ബോ‍ർഡും.

കൊല്ലം കോ‍പ്പറേഷനും ജൈവവൈവിദ്യ ബോർഡും ചേർന്നാണ് രണ്ട് വ‍ർഷം മുമ്പ് ശലഭ ഉദ്യാനത്തിന്‍റെ പണികൾ തുടങ്ങിയത്. നിർമ്മാണം മുടങ്ങിയതോടെ പദ്ധതി പ്രദേശം കാട് കയറി നശിക്കുകയാണ്.

ആശ്രാമം ജൈവ വൈവിധ്യ പൈതൃക കേന്ദ്രത്തിലെ പത്ത് സെന്റ് സ്ഥലമാണ് ശലഭോദ്യാനത്തിനായികണ്ടെത്തിയത്. ചിത്രശലഭങ്ങളേറെയുണ്ടായിരുന്ന സ്ഥലമായിരുന്നു ഇത്. പദ്ധതിയുടെ ആലോചന സമയത്ത് നടത്തിയ പഠനത്തിൽ ഗരുഡശലഭം, മഞ്ഞപാപ്പാത്തിയും കരീല ശലഭവും അടക്കം 43 ഇനം ശലഭങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. കുടുതൽ ശലഭങ്ങളെ ആകർഷിക്കുന്ന സസ്യങ്ങൾ വച്ച് പിടിപിടിപ്പിക്കുക, മുട്ടയിടാനും ലാർവ ഭക്ഷിക്കാനുമുള്ള അവസരം ഒരുക്കുക, ഇതിലൂടെ ശലഭങ്ങളുടെ സൗന്ദര്യം ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുക, അങ്ങനെ ശലഭോദ്യാനത്തിന്റെ പദ്ധതി രേഖയിൽ എഴുതിവച്ചത് ഒരുപാട് കാര്യങ്ങളാണ്.

പക്ഷെ നിലവിൽ മുമ്പ് ഉണ്ടായിരുന്ന ശലഭങ്ങൾ പോലും ഇവിടേക്ക് എത്തുന്നില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ഉദ്യാനത്തെ എല്ലാവരും മറന്ന മട്ടാണ്. പാലോട് ബൊട്ടാണിക്കൽ ഗാ‍ർഡന് ആയിരുന്നു ശലഭ ഉദ്യാനത്തിന്‍റെ നിർമ്മാണ ചുമതല. ആദ്യം ഭൂമിയുടെ ഉടമസ്ഥ അവകാശത്തെ ചൊല്ലി റവന്യു വകുപ്പുമായി തർക്കമുണ്ടായി. അത് പരിഹരിച്ചപ്പോൾ വീണ്ടും പദ്ധതി ചുവപ്പ് നാടയിൽ കുരുങ്ങി.

ഏറ്റവും ഒടുവിൽ ശലഭ ഉദ്യാനത്തിന്‍റെ നിർമ്മാണത്തിന് ഫണ്ടില്ലെന്ന കാരണമാണ് ജൈവവൈവിധ്യ ബോർഡ് പറയുന്നത്. പണം നൽകണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ടെന്ന് ജൈവവൈവിധ്യ ബോർഡ് പറയുന്നു. എന്നാൽ തുക അനുവദിക്കും എന്ന് പറയുന്നതല്ലാതെ കോ‍ർപ്പറേഷൻ തുടർ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

Advertisement