തടവുകാരന്റെ മൊബൈലിലേക്കു വിളി: ഡപ്യൂട്ടി പ്രിസൺ ഓഫിസർ സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനിൽനിന്നു പിടിച്ചെടുത്ത മൊബൈലിലേക്കു ജയിൽ ഉദ്യോഗസ്ഥരുടെ ഫോൺ വിളി നിരന്തരം വന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി പ്രിസൺ ഓഫിസർ സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തു.

സെൻട്രൽ ജയിലിൽ ജോലിചെയ്തിരുന്ന സന്തോഷ് കുമാറിനെ ഒരു മാസം മുൻപാണ് പൂജപ്പുര കുഞ്ചാലൂംമൂടിലെ സബ് ജയിലിലേക്ക് മാറ്റിയത്. സന്തോഷിന്റെ ഫോണിൽനിന്നാണ് അവസാനം ഫോൺ വിളിയെത്തിയത്. ഈ ഓഫിസറുടെ ഭാര്യയുടെ അക്കൗണ്ടിലേക്കു ലഹരിമാഫിയ സംഘാംഗത്തിന്റെ അക്കൗണ്ടിൽനിന്നു പണം വന്നിരുന്നുവെന്നു കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം 27നാണ് ഒന്നാം ബ്ലോക്കിൽ ആറാമത്തെ മുറിയിൽനിന്നു ഫോണും 2 സിം കാർഡും ലഭിക്കുന്നത്. ഇതു ജയിൽ സൂപ്രണ്ട് പൂജപ്പുര പൊലീസിനു കൈമാറി. ഇൗ ഫോൺ പൊലീസിന്റെ കയ്യിൽ ഇരിക്കുമ്പോൾത്തന്നെ ഇതിലേക്കു ജയിൽ ഉദ്യോഗസ്ഥരുടെ വിളിയെത്തി. സന്തോഷിന്റെ ഭാര്യയുടെ ഫോണിൽനിന്നു വന്ന വിളികൾ നിരീക്ഷിച്ചപ്പോഴാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കു ലഹരിസംഘത്തിലൊരാളുടെ അക്കൗണ്ടിൽനിന്നു പണം വന്ന വിവരം ലഭിച്ചത്. ഇത് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു.

Advertisement