മിച്ചഭൂമി കേസിൽ നിലമ്പൂര്‍ എംഎൽഎ പിവി അൻവറിന് തിരിച്ചടി

Advertisement

മലപ്പുറം.മിച്ചഭൂമി കേസിൽ നിലമ്പൂര്‍ എംഎൽഎ പിവി അൻവറിന് തിരിച്ചടി. നിയമം ലംഘിച്ച് കൈവശം വെച്ചിരിക്കുന്ന 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന്റെ നിർണായക ഉത്തരവ്. നടപടികൾ പൂർത്തിയാക്കി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

മൂന്ന് വർഷമായി തുടരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിന്റെ നിർണായക ഉത്തരവ്. ഭൂപരിതി ലംഘിച്ച് പാലക്കാടും കോഴിക്കോടുമായി പിവി അൻവർ എംഎൽഎ കൈവശം വെച്ചിരിക്കുന്ന 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാനാണ് ഉത്തരവ്. 2020ലാണ് പരാതികാരൻ ഹൈക്കോടതിയെ സമീപിച്ചത്.

തുടർന്ന് രണ്ടുതവണ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിനോട് പരിശോധിച്ച് നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ നടപടികൾ വൈകിതോടെയാണ് കഴിഞ്ഞ ദിവസം അടിയന്തര നടപടി സ്വീകരിക്കാനും പിവി അൻവറിന് ഉൾപ്പെടെ നോട്ടിസ് അയക്കാനും ഹൈക്കോടതി വീണ്ടും നിർദേശം നൽകിയത്. തുടർന്ന് നടത്തിയ കണക്കെടുപ്പിലാണ് നിയമലംഘനം കണ്ടെത്തിയത്.

എന്നാൽ പിവി അൻവർ 16 ഏക്കറോളം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് പരാതിക്കാരനായ വിവരാവകാശ കൂട്ടായ്മ നേതാവ് ഷാജി പറയുന്നത്. കേസ് പരിഗണിക്കുന്ന അടുത്ത മാസം 18ന് ഇതുസംബന്ധിച്ച് രേഖകൾ കൈമാറാനാണ് പരാതിക്കാരന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് നൽകിയ നോട്ടിസിന് പിവി അൻവർ ഇതുവരെ മറുപടിയും നൽകിട്ടില്ല.

Advertisement