കൊച്ചിയിൽ രാത്രി എസ്ഐയുടെ പരാക്രമം; ബേക്കറിയിൽ കയറി ഉടമയെയും ഭാര്യയെയും മർദിച്ചു, എസ് ഐയ്ക്ക് സസ്പെൻഷൻ

Advertisement

കൊച്ചി: നെടുമ്പാശേരി കരിയാട് ബേക്കറിയിൽ കയറി ഉടമയെ മർദിച്ച എസ്ഐയെ നാട്ടുകാർ തടഞ്ഞുവച്ചു. എസ്ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. നെടുമ്പാശേരി പൊലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയാണ് ബേക്കറിയിൽ കയറി ഉടമയായ കോഴിപ്പാട് വീട്ടിൽ കുഞ്ഞുമോനെ മർദിച്ചത്.


ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു കരിയാട് ബേക്കറിയിൽ എത്തി എസ്ഐയുടെ പരാക്രമം. കരിയാട്ടിൽ കത്തിക്കുത്ത് നടന്നു എന്ന് പറഞ്ഞാണ് എസ്ഐ ബേക്കറിയിലേക്ക് കയറി വന്നത് എന്ന് ബേക്കറിയിലുണ്ടായിരുന്നവർ പറയുന്നു. ബേക്കറിയിലേക്ക് കയറി വന്ന സുനിൽ അവിടെയുണ്ടായിരുന്ന കടയുടമ കുഞ്ഞുമോൻ, ഭാര്യ ആൽബി, മകൾ മെറിൻ എന്നിവരടക്കം അഞ്ചുപേരെ ചൂരൽവടി കൊണ്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും എസ്ഐയെ തടഞ്ഞുവയ്ക്കുകയും ചെയ്തു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി ഇയാളെയും കൊണ്ട് അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കു പോയി. തുടർന്ന് നടന്ന വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനാൽ ഇയാളെ സസ്പെൻഡ് ചെയ്യുമെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. മർദനത്തിൽ കുഞ്ഞുമോൻ പരാതി നൽകി. എസ്ഐയ്ക്കൊപ്പം വാഹനത്തിൽ ഡ്രൈവറും ഉണ്ടായിരുന്നതായി നാട്ടുകാർ പറ‍ഞ്ഞു.

Advertisement