പുതിയ പോര്‍മുഖം, ഇഡിയ്ക്കെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍

Advertisement

തൃശൂര്‍.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഇ.ഡി. ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്ന പരാതിയുമായി സി.പി. എം. നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷൻ. സിപിഎം നേതാക്കളുടെ പേര് പറയാൻ നിർബന്ധിച്ചെന്നും നിവൃത്തികേടുകൊണ്ടാണ് പോലീസിൽ പരാതി നൽകിയതെന്നും അരവിന്ദാക്ഷൻ പറഞ്ഞു. അരവിന്ദാക്ഷൻ്റെ പരാതിയിൽ പോലീസ് ഇ.ഡി. ഓഫീസിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ അരവിന്ദാക്ഷൻ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് ഇന്നലെ പോലീസിൽ പരാതി നൽകി. തന്നെ ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനിടെ മർദ്ദിച്ചു എന്നാണ് അരവിന്ദാക്ഷന്റെ പരാതി. ഇഡി ഉദ്യോഗസ്ഥർ വടി കൊണ്ട് കയ്യിലും മുതുകിലും അടിച്ചു. ഇപി ജയരാജൻറെയും, കെ രാധാകൃഷ്ണന്റെയും എ സി മൊയ്‌ദീന്റെയും പേര് പറയാൻ നിർബന്ധിച്ചു. നേതാക്കളുടെ പേര് പറഞ്ഞാൽ കേസിൽ നിന്ന് ഒഴിവാക്കും. മകളുടെ വിവാഹ നിശ്ചയദിവസം വീട്ടിൽ വന്നു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യെന്നും അരവിന്ദാക്ഷൻ പറഞ്ഞു.

പരാതിയിൽ സെൻട്രൽ സി.ഐ. ഇ.ഡി. ഓഫീസിലെത്തി പ്രാഥമിക അന്വേഷണം നടത്തി. കേസെടുക്കുന്നതിൽ തീരുമാനം പിനീടെന്നാണ് പോലിസ് നിലപാട്. പോലിസ് മടങ്ങിയതിന് പിന്നാലെ ഇഡി അഭിഭാഷകൻ സന്തോഷ്‌ ഇഡി ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരുമായി കൂടി കാഴ്ച നടത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായും കൊച്ചി യൂണിറ്റ് കൂടിയാലോചന നടത്തിയിട്ടുണ്ട്. കരുവന്നൂർ കേസിലെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് നീക്കം. നേരത്തെ സ്വർണക്കടത്ത് കേസിൽ ഇഡിയും പോലീസും നേർക്കുനേർ ഏറ്റു മുട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും അതിനെതിരെ ഇ.ഡി. ഹൈക്കോടതിയെ സമീപിച്ച് തുടർനടപടികൾ സ്റ്റേ ചെയ്യുകയുമായിരുന്നു സംഭവിച്ചത്.


കേന്ദ്ര ഏജൻസിയുമായി ബന്ധപ്പെട്ട കേസായതിനാൽ പോലീസിന് നിയമോപദേശം തേടേണ്ടി വരും. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത അന്വേഷണം ആവശ്യമാണ് എന്ന് പോലീസിന് ബോധ്യപ്പെട്ടാൽ കേന്ദ്ര ഏജൻസിയ്ക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും.

Advertisement