വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 18 തിങ്കൾ

BREAKING NEWS

👉 നിരവധി കേസ്സുകളിൽ പൊതു താല്പര്യ ഹർജികൾ സമർപ്പിച്ചിട്ടുള്ള പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

👉നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
മാസപ്പടി, പാലാരിവട്ടം തുടങ്ങി കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി കേസ്സുകളിലെ ഹർജിക്കാരനായിരുന്നു.

👉ഇന്നലെ രാത്രി മൈലപ്ര കുമ്പഴയ്ക്കടുത്ത് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം കടയിലേക്കിടിച്ചു കയറി.അമിത വേഗതയിലായിരുന്നു വാഹനം എന്ന് ദൃക്സാക്ഷികൾ പറയുന്നു.

👉കൊട്ടാരക്കര കോടതിയിൽ കേസ് ആവശ്യത്തിനായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് വരികയായിരുന്നു. ഡിവൈഎസ്പി മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നും, മദ്യലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

👉കടയുടെ ഷട്ടർ ഇടിച്ച് തകർത്ത ജീപ്പ് അപകടം നടന്നയുടൻ തന്നെ പോലീസെത്തി നീക്കി.എന്നാൽ ബൈക്കിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ട് തെന്നിമാറിയതാണെന്നും വൈദ്യ പരിശോധന ആവശ്യമില്ലെന്നും പോലീസ് പറയുന്നു.

👉 ഇന്ന് പുതിയ പാർലമെൻറ് മന്ദിരത്തിൽ യോഗം; വനിതാ സംവരണ ബിൽ കൊണ്ട് വന്നേക്കും

🌴 കേരളീയം 🌴

🙏കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി. ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആര്‍ടിസി ഇന്നു ജനത സര്‍വ്വീസുകള്‍ ആരംഭിക്കും. തിരുവനന്തപുരത്തെ ഓഫീസുകളില്‍ എത്താന്‍ സൗകര്യപ്പെടുന്ന വിധത്തിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങില്‍നിന്നു രാവിലെ 7.15 ന് സര്‍വ്വീസ് ആരംഭിച്ച് 9.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന
രീതിയിലാണ് സര്‍വ്വീസ്.

🙏കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ഈ മാസം 22 വരെ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം,പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

🙏എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണെന്നും അവനെ തിരിച്ചുവേണമെന്നും നിപ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒമ്പതു വയസുകാരന്റെ അമ്മ. മന്ത്രി വീണ ജോര്‍ജിനോടു ഫോണില്‍ സംസാരിക്കവേയാണ് ഇങ്ങനെ പറഞഞത്. അമ്മ വിഷമിക്കേണ്ട, മകനെ കരുതലോടെ നോക്കി മിടുക്കനാക്കി തിരിച്ചുതരുമെന്നു മന്ത്രി മറുപടി നല്‍കി.

🙏സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കുടിശികയായി ലഭിക്കാനുള്ള 5500 കോടി രൂപ വാങ്ങാന്‍ കേരള സര്‍ക്കാരിനൊപ്പം നിന്നുകൂടേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനോട് മുന്‍മന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ കുത്തിത്തിരിപ്പാണെന്നും തോമസ് ഐസക്.

🙏മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പൊലീസുകാരന് സസ്പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജിലേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. താമരശേരിയിലെ ലഹരി സംഘത്തിലുള്ളവരുമൊന്നിച്ചുള്ള ഫോട്ടോകള്‍ പ്രചരിച്ചതിനു പിറകേയാണ് നടപടി.

🇳🇪 ദേശീയം 🇳🇪

🙏അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കര്‍മപദ്ധതികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു. ഹൈദരാബാദില്‍ ചേര്‍ന്ന യോഗം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും ചര്‍ച്ച ചെയ്തു. പാര്‍ട്ടിയില്‍ വിഭാഗീയത മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ആവശ്യപ്പെട്ടു.

🙏സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളുമായി തെലുങ്കാനയില്‍ കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയിലെ തുക്കുഗുഡയില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും മുതിര്‍ന്ന നേതാവുമായ സോണിയാ ഗാന്ധിയാണ് വാഗ്ദാനങ്ങള്‍ നല്‍കിയത്.

🙏സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു തുടക്കമിട്ടത് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. രണ്ടായിരം വര്‍ഷം നീണ്ട ജാതി വിവേചന ചൂഷണത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

🙏മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സെര്‍തോ താങ്താങ് കോം എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ വെസ്റ്റിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം തലക്കു വെടിയേറ്റ നിലയില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെകില്‍ കണ്ടെത്തുകയായിരുന്നു. അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു സൈനികനെ തട്ടിക്കൊണ്ടുപോയത് ആരെന്ന് വ്യക്തമല്ലെന്നു പോലീസ്.

🙏ഒമ്പതു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. പൂനെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം.

🙏കാഷ്മീരിലെ അനന്തനാഗില്‍ ഭീകരരുമായി സൈനിക പോരാട്ടം. ചൊവ്വാഴ്ച ആരംഭിച്ച പോരാട്ടമാണ് ഇപ്പോഴും തുടരുന്നത്. ഇതിനിടെ നാലു സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു.

🇦🇽 അന്തർദേശീയം 🇦🇴

🙏സൈനിക സഹകരണം വര്‍ധിപ്പിക്കമെന്നു റഷ്യയും ഉത്തര കൊറിയയും. ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷൈഗുവും ചര്‍ച്ച നടത്തി. കിം ജോങ് ഉന്‍ റഷ്യയിലെ രണ്ട് പോര്‍ വിമാന ഫാക്ടറികള്‍ സന്ദര്‍ശിച്ചു. റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ടു. ‘പുതിയ പ്രതാപകാലം’ എന്നാണ് പുതിയ നീക്കത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്.

🙏പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയെ പൊലീസ് ഓഫീസര്‍ പരിഹസിച്ച സംഭവത്തില്‍ സിയാറ്റില്‍ മേയര്‍ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും അനുശോചനം അറിയിക്കുന്നുവെന്നും സിയാറ്റില്‍ മേയര്‍ ബ്രൂസ് ഹാരേല്‍ പറഞ്ഞു.

🏏🏑 കായികം 🥍🏸

🙏ഏഷ്യാ കപ്പ് ഫൈനലില്‍ ലങ്കാദഹനം. ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ് കിരീടം. ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനം ശ്രീലങ്കയെ വെറും 50 റണ്‍സിലൊതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 6.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. മത്സരത്തിലെ താരമായി മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായി കുല്‍ദീപ് യാദവിനെ തിരഞ്ഞെടുത്തു.

Advertisement