‘എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം നിപ കേസുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകുന്നില്ല’

കേരളത്തില്‍ നിപ വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബല്‍. നിപ കേസുകളുടെയെല്ലാം സമ്പര്‍ക്കം ഒരു രോഗിയില്‍ നിന്നാണെന്നും എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം നിപ കേസുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് വ്യക്തമല്ലെന്നും 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നിന് കൂടി ഓര്‍ഡര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
2018ല്‍ രാജ്യത്ത് നിപ സ്ഥിരീകരിച്ചപ്പോഴും ഓസ്ട്രേലിയയില്‍ നിന്നാണ് മരുന്ന് എത്തിച്ചത്. നിലവില്‍ പത്തുരോഗികള്‍ക്ക് മാത്രമുള്ള മരുന്നാണ് രാജ്യത്തുള്ളതെന്ന് രാജീവ് ബല്‍ പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ ഒരു രോഗിക്കും മോണോക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയില്‍ നിന്ന് 20 ഡോസ് മരുന്നുകള്‍ കൂടി വാങ്ങാനാണ് തീരുമാനം. അണുബാധയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഈ മരുന്ന് രോഗികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡില്‍ മരണനിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ്. എന്നാല്‍ നിപയില്‍ ഇത് 40 ശതമാനം മുതല്‍ എഴുപത് ശതമാനം വരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement