കോഴിക്കോട് മരിച്ച രണ്ടു പേർക്ക് നിപ്പ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

Advertisement

കോഴിക്കോട്: മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും.

അതേസമയം പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ എല്ലാ രീതിയിലും സജ്ജമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടിയിൽ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലുപേരുടെ പരിശോധനാഫലം കൂടി കിട്ടാനുണ്ട്. കേന്ദ്രസംഘം കേരളത്തിലേക്ക് തിരിക്കും. നാലുപേര്‍ ആശുപത്രിയിലാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്.
ആദ്യമരണം കഴിഞ്ഞ മാസം 30നും അടുത്തത് ഇന്നലെയുമായിരുന്നു. കോഴിക്കോട് അതീവജാഗ്രത പ്രഖ്യാപിച്ചുകഴിഞ്ഞു. 75 പേര്‍ നിരീക്ഷണത്തിലാണ്.

‘‘നിലവിൽ ഇവിടെ ആശങ്കപ്പെടാൻ ഒന്നുമില്ല. പരിശോധനാഫലം വരുന്നതിനു മുൻപുതന്നെ ചെയ്യേണ്ടതെല്ലാം എംഎൽഎമാർ ഉൾപ്പെട്ട ജനപ്രതിനിധികളുടെ സംഘം കൃത്യമായി ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ തീരുമാനമെടുത്തു. ആരോഗ്യമന്ത്രി രാവിലെ തന്നെ ജില്ലയിലെത്തി കാര്യങ്ങൾ വിലയിരുത്തുകയും അവലോകന യോഗങ്ങൾ ചേരുകയും ചെയ്തിട്ടുണ്ട്.

നിലവിൽ ഒരു കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. ഭീതി പരത്താതിരിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണം’’– മന്ത്രി പറഞ്ഞു. കുറ്റ്യാടി എംഎൽഎ കെ.പി.കുഞ്ഞമ്മദ്കുട്ടി, നാദാപുരം എംഎൽഎ ഇ.കെ.വിജയൻ, കുറ്റ്യാടി, കുന്നുമ്മൽ, വേളം, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കാവിലുംപാറ, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement