ഉള്‍പോര്,രമേശ് ചെന്നിത്തല നാളെ മാധ്യമങ്ങളെ കാണും

Advertisement

തിരുവനന്തപുരം.കോൺഗ്രസ് പ്രവർത്തകസമിതിയിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്ന പരാതിക്കിടെ രമേശ് ചെന്നിത്തല നാളെ മാധ്യമങ്ങളെ കാണും. രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ ഉറ്റു നോക്കുകയാണ് കോൺഗ്രസ് നേതൃത്വവും അണികളും. നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലെ ചേരിപ്പോര് വീണ്ടും മറ നീക്കുകയാണ്. പ്രവർത്തക സമിതിയിൽ മാന്യമായ പരിഗണന ലഭിച്ചില്ലെന്നതിൽ രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ നീരസമുണ്ടായിരുന്നു. നാളെ വാർത്താ സമ്മേളനം വിളിച്ച് അതൃപ്തി തുറന്നു പറയാനാണ് ചെന്നിത്തലയുടെ നീക്കം. നാളെ രാവിലെ 9 മണിക്ക് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.

പാർട്ടിയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് തനിക്കെതിരെ നീക്കം നടക്കുന്നതായി ചെന്നിത്തലയ്ക്കും ഒപ്പമുള്ളവർക്കും പരാതിയുണ്ട്. നാളത്തെ വാർത്ത സമ്മേളനത്തിൽ വ്യക്തികേന്ദ്രീകൃത ആക്ഷേപം ചെന്നിത്തലയുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രവർത്തക സമിതി അംഗത്വം കേന്ദ്ര തീരുമാനം ആയതിനാൽ, ഹൈക്കമാന്റിനെതിരെ വിമർശനം ഉണ്ടാകുമോ എന്നതും ശ്രദ്ധേയം. പുതുപ്പള്ളിയിലെ വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം ഒരുങ്ങുമ്പോഴാണ് ചെന്നിത്തലയുടെ നീക്കം.

പാർട്ടിയെയും മുന്നണിയെയും നേതൃത്വത്തെയും പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങൾ ചെന്നിത്തലയുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്നതും നിർണായകമാകും. കഴിഞ്ഞ ദിവസം കെ മുരളീധരനും നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. ഒരിടവേളക്കുശേഷം സംസ്ഥാന കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമാകുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്

Advertisement