വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 02 ശനി

🌴കേരളീയം🌴

🙏വൈകുന്നേരം ആറു മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നു കെഎസ്ഇബി. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഡാമുകളില്‍ വേണ്ടത്ര വെള്ളമില്ല. വന്‍തുക നല്‍കിയാണ് വൈദ്യുതി വാങ്ങുന്നതെന്നും കെഎസ്ഇബി ഓര്‍മിപ്പിച്ചു.

🙏കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. ഗവിയുടെ പരിസര പ്രദേശങ്ങളില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു. റോഡിലെ മണ്ണും മരങ്ങളും ഇന്നു നീക്കം ചെയ്യും.

🙏കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പാലക്കാട് ഡിവിഷനില്‍നിന്ന് എത്തിയ എന്‍ജിനിയര്‍മാര്‍ക്കു കൈമാറി. ട്രെയിന്‍ ഇന്നു മംഗളൂരുവിലെത്തും.

🙏ഓണത്തോടനുബ
ന്ധിച്ച് ഓണച്ചന്തകള്‍ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സി ഡി എസ് തല ഓണച്ചന്തകള്‍, 17 ജില്ലാതല ഓണച്ചന്തകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 1087 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്.

🙏പത്തനംതിട്ട ജില്ലയില്‍ ഇന്നു പ്രാദേശിക അവധി. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോട് അനുബന്ധിച്ചാണ് അവധി.

🙏കര്‍ഷകര്‍ക്കു നെല്ലിന്റെ വില കൊടുക്കണമെന്നു നിര്‍ദേശിച്ച നടന്‍ ജയസൂര്യ കേരളത്തെ ഇകഴ്ത്തി കാണിച്ചെന്ന് എഐവൈഎഫ്. സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കാന്‍ സംഘ പരിവാര്‍ സിനിമ മേഖലയെ ഉപയോഗിക്കുകയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ആരോപിച്ചു.

🙏കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുതെന്നാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മറയും ഇല്ലാതെ ബിജെപിയുമായി കോണ്‍ഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞു.

🙏റബറിന്റെ സംഭരണ വില 250 ആകുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. 20 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ചെറുപ്പക്കാര്‍ തൊഴില്‍തേടി വിദേശത്തേക്ക് പോകുകയാണെന്നും ആന്റണി പുതുപ്പള്ളിയില്‍ പ്രസംഗിക്കവേ പറഞ്ഞു.

🙏ഇടുക്കി ചിന്നക്കനാലില്‍ കായംകുളം പൊലീസിനെ ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍. കായംകുളം സ്വദേശി കൊച്ചുമോന്‍, കൃഷ്ണപുരം സ്വദേശി പി. സജീര്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കൃഷ്ണപുരത്തെ ഹോട്ടല്‍ ഉടമയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസിലെ പ്രതികളെ തേടി എത്തിയ പോലീസിനെ ആക്രമിച്ച സംഘത്തിലെ നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

🙏അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റു നേതാവ് ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ ഭാര്യ കെ.എന്‍. സരസ്വതിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. സംസ്‌കാരം ഇന്നു 11 ന്.

🇳🇪 ദേശീയം 🇳🇪

🙏പരമാവധി സീറ്റുകളില്‍ ഒന്നിച്ചു മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ മുംബൈയില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. സഖ്യത്തെ നയിക്കാന്‍ 14 അംഗ സമിതി രൂപീകരിച്ചു. സമിതിക്കു കണ്‍വീനറില്ല. ഗാന്ധി കുടുംബത്തില്‍നിന്നും സിപിഎമ്മില്‍നിന്നും അംഗങ്ങളില്ല. കെ സി വേണുഗോപാലാണ് കോണ്‍ഗ്രസിന്റെ പ്രതിനിധി. സീറ്റ് വിഭജനം ഈ മാസം 30 നകം പൂര്‍ത്തിയാക്കാനാണു ധാരണ.

🙏ഒരു രാജ്യം, ഒറ്റ വോട്ട് എന്ന നയം നടപ്പാക്കാനുള്ള നീക്കവുമായി ബിജെപി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി മോദി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠന റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം പുറത്തുവരും. ഈ മാസം 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

🙏കര്‍ണാടകയിലെ ഏക ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ കര്‍ണാടക
ഹൈക്കോടതി അയോഗ്യനാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തു സംബന്ധിച്ച് വ്യാജവിവരങ്ങള്‍ രേഖപ്പെടുത്തിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അയോഗ്യനാക്കിയത്.

🙏നിയമ സാധുതയില്ലാത്ത വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങളിലെ പൂര്‍വിക സ്വത്തിനും അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമപ്രകാരം നിയമ സാധുതയില്ലാത്ത വിവാഹത്തിലുള്ള മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു. പാരമ്പര്യ സ്വത്തില്‍ ഇവര്‍ക്ക് അവകാശം നല്‍കിയിരുന്നില്ല.

🙏രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ എംപിയുമായ പ്രഭുനാഥ് സിംഗിന് ഇരട്ടക്കൊലക്കേസില്‍ സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 1995 ല്‍ തന്റെ താത്പര്യത്തിന് വിരുദ്ധമായി വോട്ട് ചെയ്തതിനായിരുന്നു കൊലപാതകം.

🙏നിരോധിച്ച രണ്ടായിരം രൂപയുടെ കറന്‍സികളില്‍ 93 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഓഗസ്റ്റ് 31 വരെ 3.32 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തി. 24,000 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണു തിരിച്ചെത്താത്തത്.

🙏നടന്‍ ആര്‍ മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മാധവനാണ്.

🙏ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്. മുംബൈയില്‍ എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു ചെയ്തത്. സിബിഐയും കേസെടുത്തിട്ടുണ്ട്.

🙏കര്‍ണാടകയില്‍ മയക്കുവെടി വയ്ക്കാന്‍ എത്തിയ ആന വിദഗ്ധനെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ആളുരുവിലായിരുന്നു സംഭവം. ‘ആനെ വെങ്കിടേഷ്’ എന്നറിയപ്പെടുന്ന എച്ച് എച്ച് വെങ്കിടേഷ് ആണ് മരിച്ചത്. മയക്കുവെടിയേറ്റ ആന പിന്തിരിഞ്ഞോടി വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു.

🙏മണിപ്പൂരിലെ കോം ഗ്രാമങ്ങളുടെ സംരക്ഷണത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബോക്സിങ് താരം മേരി കോം കത്തയച്ചു. പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ കോം ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറുന്നതു തടയണമെന്നാണ് ആവശ്യം.

🙏ഇന്ത്യന്‍ നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍ മഹേന്ദ്രഗിരി മുംബൈയില്‍ കമ്മീഷന്‍ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ഭാര്യ സുദേഷ് ധന്‍ഖറാണ് യുദ്ധക്കപ്പല്‍ ഉദ്ഘാടനം ചെയ്തത്. ഉപരാഷ്ട്രപതി മുഖ്യാതിഥിയായി.

🇦🇺 അന്തർദേശീയം 🇦🇽

🙏റഷ്യയുടെ ചാന്ദ്ര പര്യവേഷണ പേടകമായ ലൂണ 25 തകര്‍ന്നുവീണ് ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. പത്തു മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തമാണു രൂപപ്പെട്ടതെന്ന് ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് നാസ അറിയിച്ചു. ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുമെന്നു കരുതിയിരുന്ന ലൂണ കഴിഞ്ഞ മാസം 19 നാണു തകര്‍ന്നുവീണത്.

🙏പ്രതികൂല കാലാവസ്ഥ മൂലം ചില വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള ചില സര്‍വീസുകളാണ് രണ്ടു ദിവസത്തേക്കു റദ്ദാക്കിയത്.

🥍🏑 കായികം 🏏 ⚽

🙏അന്താരാഷ്ട്ര മത്സരത്തിനിടെ ഇസ്രായേല്‍ താരത്തിന് കൈ കൊടുത്തതിനെത്തുടര്‍ന്ന് ഇറാന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനായ മൊസ്തഫ രാജായിയ്ക്ക് ഇറാന്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്റെ ആജീവനാന്ത വിലക്ക്.

Advertisement