കൊന്ന് കുഴിച്ചുമൂടിയ ശേഷം സുജിതയെ ‘കണ്ടെത്താൻ’ സഹായം അഭ്യർത്ഥിച്ച് വിഷ്ണു; നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകൾ

മലപ്പുറം: മലപ്പുറം തുവ്വൂരിൽ സുജിതയെ കൊലപ്പെടുത്തി വീട്ടു മുറ്റത്ത് തന്നെ കുഴിച്ചിട്ട പ്രതി വിഷ്ണു സുജിതയെ ‘കണ്ടെത്താൻ’ സഹായിക്കണെന്ന് അഭ്യർത്ഥിച്ച് ഫേസ്ബുക്കിൽ ഒന്നിലേറെ പോസ്റ്റുകളും ഇട്ടിരുന്നു. കരുവാരക്കുണ്ട് പൊലീസ് സുജിതയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അറിയിപ്പും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇന്നലെ കേസിന്റെ ചുരുളഴിഞ്ഞപ്പോൾ വിഷ്ണുവും അച്ഛൻ മുത്തുവും സഹോദരങ്ങളായ വൈശാഖ്, ജിത്തു എന്നിവരും സുഹൃത്ത് ഷിഹാനും അറസ്റ്റിലായി.

തുവ്വൂരിലെ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹി കൂടിയായ വിഷ്ണു തന്റെ വീട്ടിൽ വെച്ചു തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സുചിതയെ കൊലപ്പെടുത്തിയ കാര്യം ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്. ഈ മാസം 11നാണ് സുജിതയെ കാണാതത്. കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിത രാവിലെ 11 മണിയോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കൃഷി ഭവനിൽ നിന്ന് ഇറങ്ങി. അന്ന് വൈകുന്നേരം മൊബൈൽ ഫോൺ ഓഫാവുകയും ചെയ്തു. സുജിതയെ കാണാതായ ദിവസം വിഷ്ണുവിന്റെ വീടിന് സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

കൃഷി ഭവന്റെ തൊട്ടടുത്ത് തന്നെയുള്ള പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഇരുവരും പരിചയക്കാരായിരുന്നു. എന്നാൽ സുജിതയെ കാണാതാവുന്ന ദിവസത്തിന് മുമ്പ് തന്നെ ഇയാൾ ഇവിടുത്തെ ജോലി രാജിവെച്ചു. ഐഎസ്ആർഒയിൽ ജോലി കിട്ടിയെന്നായിരുന്നു ഇയാൾ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. സുജിതയെ കാണാതായതിന്റെ പിറ്റേ ദിവസം തുവ്വൂരിലെ ഒരു സ്വർണക്കടയിൽ വിഷ്ണു ആഭരണങ്ങൾ വിൽക്കാനെത്തിയിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം.

ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സുജിതയുടെ മൃതദേഹം പൂർണമായി പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മൃതദേഹം ഇന്ന് പൂർണമായും ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും.

Advertisement