റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം,മുഖ്യ പ്രതി വിദേശത്ത്

Advertisement

തിരുവനന്തപുരം . കിളിമാന്നൂരില്‍ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല്‍ ആശാഭവനില്‍ രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ടാംപ്രതി മുഹമ്മദ് സാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 2.40 ലക്ഷം രൂപ പിഴയും വിധിച്ചത്. പത്തുവര്‍ഷം ഇരുവര്‍ക്കും കഠിന തടവുണ്ട്. അതിനുശേഷമാണ് ജീവപര്യന്തം.

ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാംപ്രതി ഖത്തറില്‍ വ്യവസായം നടത്തുന്ന ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താര്‍ ഒളിവിലാണ്. നാലുമുതല്‍ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.
സിനിമാകഥയെ വെല്ലുന്ന ക്വട്ടേഷന്‍ കേസില്‍ മൊബൈല്‍ഫോണ്‍ ഉപയോഗമടക്കം തെളിവുകള്‍ ലഭിച്ചില്ല. പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചത് ഏറെ സൂക്ഷിച്ചുമാത്രം. വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയാണ് പദ്ധതി ആസൂത്രണം നടത്തിയത്. പ്രതികള്‍ക്ക് പരസ്പരം പലകാര്യവും അറിയാമായിരുന്നില്ല. പൊലീസ് ഏറെ പണിപ്പെട്ടാണ് അക്രമികളെ കണ്ടെത്തിയത്. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സത്താറാണ്. ഇയാളുടെ ഭാര്യയുമായി
രാജേഷിനുണ്ടായിരുന്ന അടുപ്പം കുടുംബബന്ധവും ബിസിനസും തകര്‍ത്തതാണു കൊലപ്പെടുത്താനുള്ള കാരണമെന്ന് അന്വേഷകസംഘം കണ്ടെത്തിയിരുന്നു. 2018 മാര്‍ച്ച് 27-നാണ് രാജേഷിനെ കിളിമാനൂര്‍ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയില്‍ കയറി ഒരുസംഘം വെട്ടിക്കൊന്നത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ കുട്ടനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

കൊല്ലം ആസ്ഥാനമായ നൊസ്റ്റാള്‍ജിയ എന്ന നാടന്‍പാട്ട് സംഘാംഗങ്ങളായിരുന്നു രാജേഷും കുട്ടനും. ഇരുവരും പാട്ടു പരിശീലനം നടത്തുന്നതിനിടെ പുലര്‍ച്ചെ രണ്ടോടെ പ്രതികള്‍ രാജേഷിന്റെ
റെക്കോഡിങ് സ്റ്റുഡിയോയിലെത്തി കുട്ടനെയും രാജേഷിനെയും വെട്ടി. പതിനഞ്ചിലേറെ വെട്ടേറ്റ രാജേഷിനെ നാട്ടുര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പ്രതികള്‍ വന്ന ചുവന്ന കാറിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഖത്തറിലുള്ള യുവതിയുമായി രാജേഷിനുള്ള സൗഹൃദത്തെക്കുറിച്ചു വിവരം ലഭിച്ചു. മുമ്പ് ഖത്തറില്‍ ജോലിചെയ്തിരുന്ന രാജേഷ് അവിടെവച്ചാണ് സത്താറിന്റെ ഭാര്യയുമായി അടുപ്പത്തിലായത്. കേസിലെ രണ്ടാംപ്രതിയായ സത്താറിന്റെ ജീവനക്കാരന്‍ ഓച്ചിറ മേമന പനച്ചമൂട്ടില്‍..
മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറില്‍നിന്നെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സാലി ‘സാത്താന്‍ ചങ്ക്‌സ്’ എന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവനായ കായകുളം പുള്ളിക്കണക്ക് ദേശത്തിനകം സ്വദേശി അപ്പുണ്ണിക്കു ക്വട്ടേഷന്‍ നല്‍കി. അപ്പുണ്ണിയുടെ സംഘാംഗങ്ങളും സാലിഹും നേരിട്ടെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജില്ലാ ഗവ. പ്ലീഡര്‍ ടി ഗീനാകുമാരിയാണ് കേസിന്റെ അന്തിമവാദം നടത്തിയത്. രാജേഷിന്‍റെ കൂട്ടുകാരനും അക്രമത്തില്‍ പരുക്കേറ്റയാളുമായ കുട്ടന്‍ കൂറുമാറിയെങ്കിലും ഇയാളുടെ ആദ്യ മൊഴിലാണ് പരിഗണിച്ചത്.
അതിനിടെ മുഖ്യപ്രതി സത്താറിന് വിസ നീട്ടുന്നതിന് രേഖകള്‍ നല്‍കിയതായി കായംകുളത്തെ പൊലീസിനെതിരെ പരാതിയുണ്ട്. ബ്‌ളൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച സത്താറിന് 2021ലെ വിസ 2031വരെ നീട്ടിലഭിക്കാന്‍ പൊലീസാണ് സഹായം നല്‍കിയതെന്ന ആക്ഷേപത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement